തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമായെങ്കിലും, കാലവര്‍ഷം എത്തിയ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം എന്നിവ ഒഴികെയുള്ള 12 ജില്ലകളിലും അടുത്ത ഏഴ് ദിവസത്തേക്ക് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാദച്ചുഴിയുടെയും പടിഞ്ഞാറന്‍ കാറ്റിന്റെയും സ്വാധീനഫലമായാണ് കേരളത്തില്‍ മഴ തുടരുന്നത്. വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്. സാധാരണയേക്കാള്‍ രണ്ടു ദിവസം നേരത്തെയാണ് ഇത്തവണ മണ്‍സൂണ്‍ ആരംഭിച്ചത്. ആറ് ശതമാനം അധികം മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എറണാകുളത്തും കോട്ടയത്തുമുള്പ്പെടെ വിവിധയിടങ്ങളില്‍ വെള്ളം കയറി. വീടുകള്‍ക്കു പുറമെ വ്യാപക കൃഷി നാശവുമുണ്ടായി. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
കേരളത്തില്‍ എത്തുന്ന കാലവര്‍ഷം തുടര്‍ന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15ഓടെ രാജ്യത്താകെ വ്യാപിക്കും. കേരളത്തില്‍ കാലവര്‍ഷം എത്തുന്ന തീയതി അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കാലവര്‍ഷത്തിന്റെ പുരോഗതി നിര്‍ണയിക്കുന്നത്. ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ മഴ നേരത്തെ എത്തിയാല്‍ ഈ പ്രദേശങ്ങളില്‍ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.