വിഭജന രാഷ്ട്രീയത്തെ കേരളം തള്ളിക്കളയും: കെഎംവൈഎഫ്

Update: 2022-06-05 12:55 GMT

തിരുവനന്തപുരം: മുസ് ലിംകളെയും ക്രൈസ്തവരെയും ഭിന്നിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാന്‍ ശ്രമിച്ച ധ്രുവീകരണ രാഷ്ട്രീയത്തിന് ശക്തമായ മുന്നറിയിപ്പാണ് കേരളജനത തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലൂടെ മുന്നണികള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് കെഎംവൈഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പരം സംശയം ജനിപ്പിച്ച്, സമുദായങ്ങള്‍ക്കിടയില്‍ ഐക്യം തകര്‍ക്കുന്ന വിദ്വേഷ പ്രചരണക്കാരെ കയറൂരി വിടുകയും അവരുടെ നുണപ്രചരണങ്ങള്‍ക്കുനേരെ മൗനം അവലംബിക്കുകയും ചെയ്ത സര്‍ക്കാരിന് താക്കീത് നല്‍കുകയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം.

സംഘപരിവാര്‍ പ്രതികളാകുന്ന കേസുകള്‍ നിസാര വകുപ്പുകള്‍ ചുമത്തി ലഘൂകരിക്കുകയും മുസ് ലിം സാമുദായിക സംഘടനകള്‍ക്കെതിരെ വ്യാപകമായ വേട്ട നടത്തുകയും ചെയ്യുന്ന പോലിസിന്റെ സമീപനം സമുദായം തിരിച്ചറിഞ്ഞുരിക്കുന്നതായി സര്‍ക്കാര്‍ മനസ്സിലാക്കണം. പോലിസ് നടപടി തീര്‍ത്തും ഏകപക്ഷീയമാണ്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അടക്കം നടത്തിയ നുണപ്രചരണങ്ങള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ ഏകപക്ഷീയമായ മുസ് ലിംവിരുദ്ധ പകപോക്കല്‍ നടപടികള്‍ നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും.

ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍നിന്നും കണ്ടെത്തിയ ഉഗ്രസ്‌ഫോടനശേഷിയുള്ള സ്‌ഫോടകവസ്തുക്കളുടെ കാര്യത്തില്‍ കേരള സമൂഹത്തിന് ശക്തമായ ആശങ്കയുണ്ട്. എന്നാല്‍ പോലിസിന്റെ ഭാഗത്തുനിന്ന് ഗൗരവകരമായ അന്വേഷണം ഉണ്ടാകുന്നില്ല. നെയ്യാറ്റിന്‍കരയില്‍ ആയുധമേന്തി പ്രകടനം നടത്തിയ സംഘപരിവാര്‍ ബന്ധമുള്ള വിദ്യാര്‍ഥിനികള്‍ക്കെതിരായ പോലിസ് നടപടികള്‍ തൃപ്തികരമല്ല.

മുസ് ലിം സമൂഹത്തെ പ്രതിക്കൂട്ടിലാക്കുന്ന വിഷയങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന അമിതപ്രാധാന്യവും പിസി ജോര്‍ജ് അടക്കമുള്ളവര്‍ക്ക് നല്‍കുന്ന മാധ്യമശ്രദ്ധയും കേരളീയസമൂഹം അവജ്ഞയോടെ തള്ളിക്കളയണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി അധ്യക്ഷത വഹിച്ചു. കാരാളി ഇകെ സുലൈമാന്‍ ദാരിമി, അല്‍അമീന്‍ റഹ്മാനി, നൗഷാദ് മാങ്കാംകുഴി, നാഷിദ് ബാഖവി, സഫീര്‍ ഖാന്‍ മന്നാനി, അലി ബാഖവി ചെറുവട്ടൂര്‍, മുഹമ്മദ് കുട്ടി റഷാദി, ഹുസൈന്‍ മന്നാനി കുണ്ടമണ്‍, തല വരമ്പ് സലീം, ഷാജിറുദീന്‍ ബാഖവി, അസ്ഹര്‍ കുടവൂര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News