ഉത്തരവാദിത്തപ്പെട്ടവര്‍ കൃത്യമായി ജോലി ചെയ്യണം; ആളുകളുടെ ജീവന് ഒരു വിലയുമില്ലെന്ന രീതി ശരിയല്ലെന്നും മന്ത്രി

കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന രീതികള്‍ ആ നിലയില്‍ മുന്നോട്ട് പോകാന്‍ അനുവദിക്കില്ല

Update: 2022-06-21 04:33 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയതത് ശിക്ഷാ നടപടിയായി കാണേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ചുമതലപ്പെട്ടവര്‍ നല്‍കുന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന നടപടി ശിക്ഷാ നടപടിയല്ല. എന്നാല്‍ അത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് സമരത്തിലേക്ക് പോകുന്നത് അംഗീകരിക്കാനാവില്ല. ആളുകളുടെ ജീവന് ഒരു വിലയുമില്ലാത്ത രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. നടപടിക്കെതിരെ മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയായ കെ ജി എം സി ടി എ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന രീതികള്‍ ആ നിലയില്‍ മുന്നോട്ട് പോകാന്‍ അനുവദിക്കില്ല. സമരത്തിലേക്ക് പോകുമെന്ന് പറയുന്നത് എന്ത് സമീപനമാണ്? മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് വ്യക്തമായ ചട്ടങ്ങളുണ്ട്. അത് പ്രകാരം മുന്നോട്ട് പോവണം. രോഗി മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തും. അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വളരെ ശക്തമായി മുന്നോട്ട് പോകും. ഉത്തരവാദിത്തപ്പെട്ടവര്‍ കൃത്യമായി ജോലി നിര്‍വ്വഹിക്കണം. അത് പാലിക്കാത്തവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം നടപടി സ്വീകരിക്കും', എന്നും മന്ത്രി പറഞ്ഞു. 

'പുലര്‍ച്ചെ നാലരയ്ക്ക് മൂന്ന് പേരുമായി ആംബുലന്‍സ് എറണാകുളത്തേക്ക് പോയി. ഡ്രൈവറും യൂറോളജിയിലെയും നെഫ്രോളജിയിലെയും ഡോക്ടര്‍മാരാണ് പോയത്. എറണാകുളത്ത് വെച്ച് 2.15 ഓടെയാണ് കിഡ്‌നി മാച്ച് ചെയ്യുമെന്ന് കണ്ടെത്തിയത്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് ട്രാഫിക് ക്ലിയറന്‍സ് അടക്കം നടത്തി. അഞ്ചരയോടെ സംഘം തിരിച്ചെത്തി. ഡോക്ടര്‍മാര്‍ ഇറങ്ങും മുന്‍പ് അവിടെയുണ്ടായിരുന്ന രണ്ട് മൂന്ന് പേര്‍ വൃക്കയുടെ പെട്ടിയുമായി ഓടിയെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഓടിയത് ആംബുലന്‍സ് ഡ്രൈവറാണോ, മറ്റാരെങ്കിലുമാണോയെന്നെല്ലാം കണ്ടെത്തണം. അത് അന്വേഷിക്കട്ടെ'യെന്നും മന്ത്രി പറഞ്ഞു. 

ആശുപത്രി അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ യൂറോളജി, നെഫ്രോളജി മേധാവികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോ. വാസുദേവന്‍ പോറ്റി, ഡോ. ജേക്കബ് ജോര്‍ജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടന രംഗത്തെത്തി. ഡോക്ടര്‍മാരെ ബലിയാടാക്കുകയാണെന്ന ആരോപണവുമായാണ് കെ ജി എം സി ടി എ രംഗത്തുവന്നിരിക്കുന്നത്. ശരിയായ അന്വേഷണം നടത്താതെയുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇല്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഡോക്ടര്‍മാരുടെ ബലിയാടാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും സംഘടന സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി. 

Tags:    

Similar News