കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിച്ച് പതിനായിരങ്ങള്‍
കണ്ണൂര്‍: അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്. വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതുസംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലിസ് മേധാവിക്കും ഉത്തരവ് നല്‍കി. തിങ്കളാഴ്ച കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് നടക്കുന്ന സംസ്‌കാര ചടങ്ങില്‍ മുഴുവന്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഗണ്‍ സല്യൂട്ടോടെ സംസ്ഥാനത്തിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.
രാവിലെ 11 മണിവരെ കോടിയേരി ഈങ്ങയില്‍പീടികയിലെ വസതിയില്‍ പൊതുദര്‍ശനം തുടരും. തുടര്‍ന്ന് വിലാപയാത്രയായി കണ്ണൂരിലേക്ക് മൃതദേഹം കൊണ്ടുപോവും. തുടര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തലശ്ശേരി നഗരസഭാ ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തില്‍ ഇന്നലെ പതിനായിരങ്ങളാണ് പ്രിയ നേതാവിവിന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. രാത്രി വൈകിയും ടൗണ്‍ ഹാളിലേക്ക് ജനപ്രവാഹമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആദ്യാവസാനം ടൗണ്‍ ഹാളില്‍ പ്രിയ നേതാവിന്റെ മൃതദേഹത്തിനരികിലുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആരംഭിച്ച പൊതുദര്‍ശനത്തില്‍ കൊടിയേരിയുടെ മൃതശരീരത്തില്‍ ആദ്യം പുഷ്പചക്രമര്‍പ്പിച്ചത് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളുമായിരുന്നു.
സിപിഎം പിബി അംഗം എം എ ബേബി, മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ ചേര്‍ന്ന് രക്തപതാക പുതപ്പിച്ചു. പിബി അംഗം എ വിജയരാഘവന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, ഡോ. തോമസ് ഐസക്, എ കെ ബാലന്‍, കെ രാധാകൃഷ്ണന്‍ തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. ടൗണ്‍ ഹാള്‍ മുറ്റത്ത് ഐജി ടി വിക്രമിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. രാത്രിയോടെ കോടിയേരി ഈങ്ങയില്‍പീടികയിലെ വീട്ടിലേക്ക് മൃതദേഹം മാറ്റി. ഇന്ന് രാവിലെ 10 വരെ വീട്ടിലും 11 മുതല്‍ രണ്ടുവരെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തിലും പൊതുദര്‍ശനമുണ്ടാവും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ പങ്കെടുക്കും.