മാള: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ യുഡിഎഫിനെ തുണച്ചത് അന്നമനട ഗ്രാമപഞ്ചായത്ത് മാത്രം. മാള, പുത്തന്‍ചിറ, പൊയ്യ, കുഴൂര്‍, വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തുകളും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയുമാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ആര്‍ സുനില്‍കുമാറിനെ വിജയപഥത്തിലേക്ക് എത്തിച്ചത്. മാള ഗ്രാമപഞ്ചായത്തില്‍ എല്‍ ഡി എഫിന് 9,108 വോട്ടും യു ഡി എഫിന് 7,588 വോട്ടും എന്‍ ഡി എക്ക് 3,648 വോട്ടുകളുമാണ് നല്‍കിയത്. പുത്തന്‍ചിറയിലിത് യഥാക്രമം 6,803, 4,303, 2,135, പൊയ്യയില്‍ 6,150, 5,349, 1,989, കുഴൂരില്‍ 5,246, 4,401, 2,074, വെള്ളാങ്കല്ലൂരില്‍ 12,763, 6,902, 3,805, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയില്‍ 21,169, 8,900, 11,294 എന്നിങ്ങിനെയായിരുന്നു വോട്ടിംഗ് നില. അന്നമനടയില്‍ യു ഡി എഫിന് 8,574 വോട്ടുകള്‍ കിട്ടിയപ്പോള്‍ എല്‍ ഡി എഫിന് 8,213 വോട്ടുകളാണ്. 361 വോട്ടുകളുടെ വ്യത്യാസം. എന്‍ ഡി എക്ക് 2074 വോട്ടുകളും കിട്ടി.
കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയില്‍ രണ്ടാം സ്ഥാനത്ത് വന്നത് കുറച്ചു കാലങ്ങളായുള്ളത് പോലെ എന്‍ ഡി എയാണ്. ഇവിടെ യു ഡി എഫ് ദുര്‍ബലമായിക്കൊണ്ടിരിക്കയാണ്.
വെള്ളാങ്കല്ലൂരില്‍ എന്‍ ഡി എക്ക്ഒരു വോട്ട് മാത്രം ലഭിച്ച ബൂത്തുണ്ട്. ബൂത്ത് നമ്പര്‍ 19 ലാണ് ഒരു വോട്ട് മാത്രം എന്‍ ഡി എക്ക് കിട്ടിയത്. ഈ ബൂത്തിന് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ബി ജെ പിക്ക് നേതാക്കളോ അണികളോ ഇല്ലെന്ന തരത്തിലുള്ള വോട്ടിംഗാണിത്. ഇവിടെ ആറ് ബൂത്തുകളില്‍ പത്തില്‍ താഴെ മാത്രമാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ബൂത്ത് നമ്പര്‍ 17 ല്‍ മൂന്ന്, 17 എയില്‍ ഒന്‍പത്, 18 ല്‍ അഞ്ച്, 18 എയില്‍ ഏഴ്, 19 എയില്‍ ഏഴ്, 23 ല്‍ ഏഴ് എന്നിങ്ങിനെയാണ് എന്‍ ഡി എക്ക് വോട്ടുകള്‍ ലഭിച്ചത്. ഇവിടെ കഴിഞ്ഞ തവണ ഇതില്‍ കൂടുതല്‍ ലഭിച്ചിരുന്നു.
ശക്തികേന്ദ്രമായ കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ ബൂത്ത് നമ്പര്‍ 115 ല്‍ ആറ്, 115 എയില്‍ അഞ്ച് വോട്ടുകള്‍ വീതമാണ് എന്‍ ഡി എക്ക് ലഭിച്ചത്. യു ഡി എഫിന്റെ ശക്തികേന്ദ്രമായ കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ ഡി എഫിന് മേല്‍ക്കൈ നേടാനായതില്‍ എല്‍ ഡി എഫ് കേന്ദ്രങ്ങളില്‍ ആഹ്ലാദം പകര്‍ന്നിട്ടുണ്ട്. ഏത് തിരഞ്ഞെടുപ്പിലും യു ഡി എഫിനൊപ്പം നിന്നിട്ടുള്ള ഇവിടെ യു ഡി എഫിനേക്കാള്‍ 845 വോട്ടുകള്‍ അധികമാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ആര്‍ സുനില്‍കുമാര്‍ നേടിയത്.