'വേണ്ടത് നീതി മാത്രമാണ്'; സർക്കാരിന്റെ ധനസഹായം നിരസിച്ച് കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ്
കൊൽക്കത്ത: കൊല്‍ക്കത്തയിലെ ആശുപത്രിക്കുള്ളില്‍ ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട ട്രെയിനി ഡോക്ടറുടെ പിതാവ് നഷ്ടപരിഹാരം സ്വീകരിക്കാന്‍ വിസമ്മതിച്ചു. അധികാരികളില്‍ നിന്ന് തനിക്ക് വേണ്ടത് നീതി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.'എന്റെ മകളുടെ മരണത്തിന് നഷ്ടപരിഹാരമായി പണം സ്വീകരിച്ചാല്‍ അത് മകളെ വേദനിപ്പിക്കും. എനിക്ക് നീതി വേണം,' അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ വന്‍തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച പോലിസ് ആത്മഹത്യ എന്നായിരുന്നു കുടുംബത്തെ അറിയിച്ചത്. എന്നാല്‍ പിന്നീട് ഇത് തിരുത്തുകയായിരുന്നു. കേസ് സിബിഐ ഏറ്റെടുത്തിരുന്നു.സിബിഐ സംഘം ഡോക്ടറുടെ കുടുംബത്തെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുടുംബം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പ്രതികളെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്ന് സിബിഐ ഉറപ്പു നല്‍കിയെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. തങ്ങളെ പിന്തുണച്ചവര്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.