കൊട്ടാരക്കര എംസി റോഡില്‍ ബൈക്ക് അഭ്യാസം; സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; യുവാവിന് ഗുരുതരപരിക്ക്

ബൈക്ക് അപകടത്തില്‍പ്പെട്ടതോടെ മറ്റ് മൂന്നു പേരും ബൈക്കുമായി മുങ്ങി. സമീപത്ത് ഒളിപ്പിച്ച നിലയില്‍ ഒരു ബൈക്ക് കണ്ടെത്തി

Update: 2022-01-21 12:02 GMT

കൊല്ലം: എംസി റോഡില്‍ കൊട്ടാരക്കരയില്‍ യുവാക്കളുടെ ബൈക്ക് അഭ്യാസ പ്രകടനത്തിനിടെ അപകടം. അമിത വേഗത്തില്‍ ഓടിച്ച ന്യൂജെന്‍ ബൈക്കിലിരുന്ന് സെല്‍ഫിയെടുക്കാനുളള ശ്രമത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ യാത്ര ചെയ്തിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റു.

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ബൈക്കുകാരന്റെ വാഹനം നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന എംബിഎ വിദ്യാര്‍ഥി അശ്വന്ത് കൃഷ്ണന്റെ ബുളളറ്റില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അശ്വന്തിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 11.30ന് കൊട്ടാരക്കര പുലിക്കോട്ടാണ് അപകടം നടന്നത്.

നമ്പര്‍ പ്ലേറ്റുകള്‍ പോലുമില്ലാത്ത നാല് ബൈക്കുകളിലാണ് അപകടത്തിന് കാരണക്കാരായ യുവാക്കള്‍ എത്തിയത്.

നൂറ് കിലോമീറ്ററിലേറെ വേഗത്തില്‍ പാഞ്ഞ ബൈക്കിലിരുന്ന് സെല്‍ഫിയെടുക്കാനുളള യുവാവിന്റെ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. നമ്പര്‍ പ്ലേറ്റ് പോലുമില്ലാതെയാണ് നാല് യുവാക്കള്‍ ന്യൂജന്‍ ബൈക്കുകളില്‍ തിരുവനന്തപുരം ഭാഗത്തു നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് യാത്ര ചെയ്തത്. ഒരു ബൈക്ക് അപകടത്തില്‍പ്പെട്ടതോടെ മറ്റ് മൂന്നു പേരും ബൈക്കുമായി മുങ്ങി. സമീപത്ത് ഒളിപ്പിച്ച നിലയില്‍ ഒരു ബൈക്ക് കണ്ടെത്തി. മറ്റ് ബൈക്കുകള്‍ക്കായി അന്വേഷണം തുടരുകയാണ്.

അമിത വേഗതയില്‍ സഞ്ചരിച്ചിരുന്ന യുവാക്കള്‍ ആയൂരില്‍ വച്ച് പോലിസിനെ വെട്ടിച്ച് കടന്നതിന് പിന്നാലെയാണ് അപകടമുണ്ടായത്. പത്തനംതിട്ട സ്വദേശികളാണ് ബൈക്ക് അഭ്യാസത്തിനെത്തിയതെന്നാണ് നിഗമനം. ഇവരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.

Tags:    

Similar News