കോട്ടയം: മുണ്ടക്കയം കോരുത്തോട് മൂഴിക്കലില്‍ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ അഴുത റെയ്ഞ്ചിലെ മൂഴിക്കല്‍ സെക്ഷനിലെ പാറാംതോട് പോവുന്ന വഴിയിലാണ് ഏകദേശം 25 വയസ്സ് പ്രായമുള്ള പിടിയാനയുടെ ജഡം കണ്ടത്.
വഴിയോരത്തെ പ്ലാവില്‍ നിന്നും ചക്ക പറിക്കാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനില്‍ നിന്നും ആനയ്ക്ക് ഷോക്കേറ്റതാണെന്നാണ് നിഗമനം. സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം, വണ്ടിപ്പെരിയാര്‍ മൂലക്കയത്തും സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. നാല് വയസുള്ള കുട്ടിയാനയാണ് ചരിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.