കൊവിഡ്: റഷ്യന്‍ വാക്‌സിന്‍ കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും ദോഷകരം

18 വയസ്സിനും മുന്‍പും 60 വയസ്സിനും ശേഷവും പ്രായമുള്ളവരില്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതിന് റഷ്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.

Update: 2020-08-12 13:46 GMT

മോസ്‌കോ: കൊവിഡിനെതിരെ ലോകത്താദ്യമായി നിര്‍മിച്ച സ്ഫുട്‌നിക് 5 വാക്‌സിന്‍ കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും ഉപയോഗിക്കാനാവില്ല. റഷ്യന്‍ ആരോഗ്യവകുപ്പ് അധികൃതരെ ഉദ്ധരിച്ച് ന്യൂസ് ആര്‍യു. കോം ആണ് ഇത് റിപോര്‍ട്ട് ചെയ്തത്. 18നും 60നും ഇടയില്‍ പ്രായമുള്ളവരില്‍ മാത്രമേ ഇത് ഉപയോഗിക്കാനാവൂ. കുട്ടികളിലും പ്രായമുള്ളവരിലും ഇത് എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തില്‍ ഇനിയും പരിശോധന നടത്തേണ്ടതുണ്ട്. അതിനാല്‍ തന്നെ 18 വയസ്സിനും മുന്‍പും 60 വയസ്സിനും ശേഷവും പ്രായമുള്ളവരില്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതിന് റഷ്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.


കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് മുന്നോടിയായി റഷ്യയില്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ പട്ടികയില്‍ കൊവിഡ് പ്രതിരോധ വാക്‌സിനെകുറിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി. ഇതു പ്രകാരം 38 മുതിര്‍ന്ന ആളുകളിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. ഇവരില്‍ 141 ഇനം പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പരിശോധനകള്‍ നടത്തിയതില്‍ ഇത്തരം പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തിയിരുന്നു.


കൊവിഡ് പ്രതിരോധ വാക്‌സിനായ സ്ഫുട്‌നിക് 5 കുത്തിവെക്കുന്നു




കൊവിഡ് വാക്‌സിന്‍ രണ്ടു ഘട്ടങ്ങളിലായിട്ടാണ് കുത്തിവെക്കുക.തോള്‍ഭാഗത്തെ പേശിയിലാണ് കുത്തിവെയ്പ്പ്. 18 ഡിഗ്രിക്കു താഴെയുള്ള ഊഷാമാവിലാണ് സ്ഫുട്‌നിക് 5 വാക്‌സിന്‍ സൂക്ഷിക്കേണ്ടതെന്നും റഷ്യന്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.


അതേ സമയം ലോകാരോഗ്യ സംഘടനയുടെ ഫേസ് ത്രി പരീക്ഷണഘട്ടത്തിലെത്തിയ ആറ് വാക്‌സിനുകളില്‍ റഷ്യന്‍ വാക്‌സിന്‍ ഇടംനേടിയിട്ടില്ല. ഈ ആറ് വാക്‌സിനുകളില്‍ മൂന്നെണ്ണം ചൈനയില്‍ നിന്നും, ഒരെണ്ണം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചതും, ഒന്ന് ആസ്ട്രസെനേക്ക, മോഡേണ എന്നിവര്‍ വികസിപ്പിച്ചതും, ഒന്ന് ബയോടെക്ക്, ഫിഷര്‍ എന്നിവര്‍ സംയുക്തമായി വികസിപ്പിച്ചതുമാണ്. പുതിയ വാക്‌സിന് ക്ലിനിക്കല്‍ പരീക്ഷണം എന്നത് നിര്‍ബന്ധമാണെന്നും, എന്തുകൊണ്ടാണ് റഷ്യ മാത്രം ഇതിന് തയാറാകാത്തതെന്നുമാണ് അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ ട്രയല്‍സ് ഓര്‍ഗനൈസേഷന്റൈ ചോദ്യം.




Tags:    

Similar News