കെ എസ് ഷാന്‍ വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
കൃത്യത്തില്‍ നേരിട്ട് പങ്കാളികളായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്
കൊച്ചി: എസ്ഡിപിഐ നേതാവായിരുന്ന മണ്ണഞ്ചേരി സ്വദേശി അഡ്വ. കെ എസ് ഷാന്‍ വധക്കേസില്‍ പ്രതികളായ 5 പേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കൃത്യത്തില്‍ നേരിട്ട് പങ്കാളികളായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്.
രണ്ടാം പ്രതി വിഷ്ണു, മൂന്നാം പ്രതി അഭിമന്യു , നാലാം പ്രതി സനന്ത്, അഞ്ചാം പ്രതി അതുല്‍,ആറാം പ്രതി ധനേഷ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി സിംഗിള്‍ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി-3 ആണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.
ചട്ടവിരുദ്ധമായാണ് ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദ് ചെയ്യാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ അഡീ. സെഷന്‍സ് കോടതി ജഡ്ജി റോയ് വര്‍ഗീസ് തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് വിധി.
2021 ഡിസംബര്‍ 18നു വൈകുന്നേരം ഏഴരയോടെ മണ്ണഞ്ചേരിയില്‍ വെച്ചാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാനെ ആക്രമിച്ചത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം ഷാനെ വെട്ടി വീഴ്ത്തുകയായിരുന്നു. നാല്‍പ്പതിലധികം വെട്ടേറ്റ ഷാനിന്റെ കഴുത്തിനേറ്റ വെട്ടായിരുന്നു മരണകാരണം.