കൊടുങ്ങല്ലൂർ തീരദേശത്ത് ഇനി 'കറന്റ് പോക്കില്ല': വൈദ്യുതി മുടക്കത്തിന് പരിഹാരവുമായി കെ എസ് ഇ ബി
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിന്റെ തീരദേശത്തെ വൈദ്യുതി മുടക്കത്തിന് പരിഹാരവുമായി കെ എസ് ഇ ബി. ശ്രീനാരായണപുരം അഞ്ചങ്ങാടി സബ് സ്റ്റേഷനിലേക്ക് വെള്ളാങ്ങല്ലൂർ കോണത്തുകുന്ന് 33 കെ വി സബ്സ്റ്റേഷനിൽ നിന്ന് പുതിയ വൈദ്യുതി ലൈൻ വലിച്ചാണ് വൈദ്യുതി മുടക്കത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറെടുക്കുന്നത്.
ശ്രീനാരായണപുരം, മതിലകം, പഞ്ചായത്തുകളിലെയും പെരിഞ്ഞനം പഞ്ചായത്തിന്റെയും ഒരു ഭാഗവും ഉൾപ്പെടെ പ്രദേശത്തെ നാൽപതിനായിരം ഉപഭോക്താക്കൾക്കാണ് പദ്ധതി പ്രയോജനപ്പെടുക. അഞ്ചങ്ങാടി, മേത്തല സബ് സ്റ്റേഷനുകളിലേക്ക് ഇപ്പോൾ വലപ്പാട് 110 കെ വി സബ് സ്റ്റേഷനിൽ നിന്നുമാണ് വൈദ്യുതി എത്തിക്കുന്നത്.
പ്രസരണ നഷ്ടം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. നാലുകോടി രൂപ ചെലവിലാണ് വെള്ളാങ്ങല്ലൂർ സബ് സ്റ്റേഷനിൽ നിന്ന് എട്ടര കിലോമീറ്റർ പുതിയ ലൈൻ വലിച്ച് അഞ്ചങ്ങാടിയിലെത്തിക്കുന്നത്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതോടെ 30 ശതമാനമാണ് പ്രസരണ നഷ്ടം കുറക്കാൻ സാധിക്കുക. അറ്റകുറ്റപ്പണികൾ ഒഴിവാക്കുവാനും ഇത് വഴി സാധിക്കും. വെള്ളാങ്ങല്ലൂർ മുതൽ കോച്ചാലിൽ വരെ 70 ടവറുകൾ, 73 പോസ്റ്റുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കനോലി കനാലിന് കുറുകേയുള്ള പൂവ്വത്തുംകടവ് പാലത്തിലൂടെ കേബിൾ സംവിധാനവും ഉപയോഗിക്കാനാകും. പദ്ധതി നവംബറിൽ കമ്മീഷൻ ചെയ്യും. മേത്തല 33 കെ വി സബ് സ്റ്റേഷനിലേക്ക് ചാപ്പാറ 110 കെ വി സബ് സ്റ്റേഷനിൽ നിന്ന് ഇത്തരത്തിൽ പുതിയ ലൈൻ വലിക്കുന്നതിനുള്ള പദ്ധതിയും ഉടനെ ആരംഭിക്കുമെന്നും കെ എസ് ഇ ബി അധികൃതർ അറിയിച്ചു.