കെഎസ്ആര്‍ടിസി സിഫ്റ്റിന്റെ ആദ്യ അത്യാധുനിക എ.സി വോള്‍വോ ബസ് തലസ്ഥാനത്തെത്തി
മികച്ച സൗകര്യങ്ങളുടെ ന്യൂജന്‍ 8 എ.സി സ്ലീപ്പര്‍ ബസുകളില്‍ ആദ്യത്തെ ബസാണ് ഇന്ന് ആനയറയിലെ കെഎസ്ആര്‍ടിസി സിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്
തിരുവനന്തപുരം: ദീര്‍ഘ ദൂര സര്‍വ്വുകള്‍ നടത്തുന്നതിന് വേണ്ടി കെഎസ്ആര്‍ടിസി സിഫ്റ്റിന് വേണ്ടി വാങ്ങിയ എ.സി. വോള്‍വോ ബസുകളില്‍ ആദ്യ ബസ് തലസ്ഥാനത്തെത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 8 എ.സി സ്ലീപ്പര്‍ ബസുകളില്‍ ആദ്യത്തെ ബസാണ് ഇന്ന് ആനയറയിലെ കെഎസ്ആര്‍ടിസി സിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്.
സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ആധുനിക ശ്രേണിയില്‍പ്പെട്ട ബസുകള്‍ വാങ്ങുന്നതിനായി അനുവദിച്ച 50 കോടിയില്‍ നിന്നും 44.84 കോടി രൂപ ഉപയോഗിച്ച് വാങ്ങുന്ന വിവിധ ശ്രേണിയില്‍പ്പെട്ട 100 ബസുകളിലെ ആദ്യത്തെ ബസാണ് എത്തിയത്.
ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള വി.ഇ കോമേഴ്സ്യല്‍ വെഹിക്കില്‍ പ്രൈവറ്റ് ലിമിറ്റഡ് ( വോള്‍വോ) എന്ന വാഹന നിര്‍മ്മാതാവ് BS6 ശ്രേണിയില്‍ ഉള്ള ഷാസിയില്‍ സ്വന്തം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സ്ലീപ്പര്‍ ബസാണ് എത്തിയത്. 14.95 മീറ്റര്‍ നീളത്തോട് കൂടിയ ബസില്‍ 11 ലിറ്റര്‍ എഞ്ചിന്, 430 എച്ച്.പി പവര്‍ നല്‍കുന്നുണ്ട്. ഇന്ധന ക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഷ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമാണ് ഈ ബസുകളിലുള്ളത്. സുരക്ഷയെ മുന്‍ നിര്‍ത്തി ഹൈഡ്രോ ഡൈനാമിക് റിട്ടാര്‍ഡറും, എ.ബി.എസ്, ആന്‍ഡ് ഇ.ബി.ഡി, ഇ. എസ്.പി എന്നീ സംവിധാനങ്ങളും ഈ ബസിന് നല്‍കിയിട്ടുണ്ട്. സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് 8 എയര്‍ ബെല്ലോയോട് കൂടിയ സസ്പെന്ഷന് സിസ്റ്റവും, ട്യൂബ് ലെസ് ടയറുകളുമാണ് ബസുകളില്‍ ഉള്ളത്.
ടെന്റര്‍ നടപടികളിലൂടെ ബസ് ഒന്നിന് 1,38,50000 ( ഒരു കോടി മുപ്പത്തി എട്ട് ലക്ഷത്തി അമ്പതിനായിരം രൂപ)യ്ക്കാണ് ഈ ബസുകള്‍ വാങ്ങുന്നത്. 40 യാത്രക്കാര്‍ക്ക് സുഖകരമായി കിടന്ന് യാത്ര ചെയ്യുന്ന രീതിയില്‍ സംയോജിപ്പിച്ചിരിക്കുന്ന ബെര്‍ത്തുകളാണ് ഈ ബസുകളില്‍ ഉള്ളത്. ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് തെല്ലും ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുക എന്നതാണ് ഈ ബസുകള്‍ സര്‍വ്വീസ് നടത്തുന്നതോടെ കെഎസ്ആര്‍ടിസി സിഫ്റ്റ് ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം അശോക് ലൈലാന്റ് ഷാസിയില്‍ നിര്‍മ്മിച്ച 20 ലക്ഷ്വറി എ.സി ബസുകളും ഉടന്‍ ലഭ്യമാകും. 47.12 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. 11.7 മീറ്റര്‍ നീളത്തില്‍ നീളവും, 197 എച്ച് പി പവന് നല്കുന്ന എഞ്ചിന്, എയര്‍ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവര്‍ ഡ്രൈവറോട് കൂടിയ 6 സ്പീഡ് ഗിയര്‍ ബോക്സ്, ട്യൂബ് ലെസ് ടയറുകള്‍, 4 വശവും എയര്‍ സസ്പെന്ഷന് എന്നിവ ഈ ബസുകളുടെ പ്രത്യേകതയാണ്.
ഈ ബസുകളില്‍ 41 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാവുന്നതും ഏറെ സൗകര്യ പ്രദമായതും സുഖകരമായ യാത്ര ഉറപ്പു വരുത്തുന്ന റിക്ലൈനിങ് സീറ്റുകളുമാണ് ഈ ബസുകളില്‍ ഘടിപ്പിച്ചിരിക്കുന്നത്. ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതല്‍ ലഗേജ് വെക്കുന്നതിനുള്ള ഇടം ഈ ബസുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. നാല് വശങ്ങളിലേയും എയര്‍ സസ്പെന്ഷന്, യാത്ര കൂടുതല്‍ സുഖപ്രദമാക്കുന്നതിന് സഹായിക്കും. അശോക് ലൈലാന്റ് അംഗീകാരമുള്ള ബാംഗ്ലൂരിലെ എസ്.എം കണ്ണപ്പ എന്ന വാഹന ബോഡി നിര്‍മ്മാതാവാണ് ഈ ബസുകളുടെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്.
കാലാവധി പൂത്തിയാക്കിയ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി ഉപയോഗിക്കുന്ന ബസുകള്‍ മാറ്റുന്നതിന് ബിഎസ് 6 ശ്രേണിയിലെ എയര്‍ സസ്പെന്‍ഷനോട് കൂടിയ 72 നോണ്‍ എ.സി ഡീലക്സ് ബസുകളാണ് അശോക് ലൈലാന്റ് ഷാസിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. 33.79 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. സൗകര്യ പ്രദമായ റിക്ലൈനിങ് സീറ്റുകളോട് കൂടിയ ഈ ബസില്‍ 41 യാത്രക്കാര്‍ക്ക് സുഖമായി യാത്ര ചെയ്യാനാകും. തൃച്ചിയിലുള്ള ഗ്ലോബല്‍ ടിവിഎസ് എന്ന പ്രമുഖ ബസ് ബോഡി നിര്‍മ്മാതാക്കളാണ് 72 ബസുകള്‍ക്ക് ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. 11.19 മീറ്റര്‍ നീളവും, 197 HP പവറും, എയര്‍ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവര്‍ ഡ്രൈവോട് കൂടിയ 6 സ്പീഡ് ഗിയര്‍ ബോക്സ്, ട്യൂബ് ലെസ് ടയറുകള്‍, എയര്‍ സസ്പെന്ഷന് എന്നിവ ഈ ബസുകളുടെ പ്രത്യേകതയാണ്.
ഈ ബസുകള്‍ എല്ലാവിധ സുരക്ഷാ മുന്‍കരുതലോട് കൂടി കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന ബസ് ബോഡി കോഡ് AIS:052 മാനദണ്ഡങ്ങളോട് കൂടിയാണ് ബസുകളുടെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. സുരക്ഷയെ മുന്‍നിര്‍ത്തി ഈ ബസുകളില്‍ ഡ്യൂവല്‍ ക്യാമറ, വെഹിക്കില്‍ ലോക്കേഷന്‍ ട്രാക്കിങ് ഡിവൈസ്, എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.