കുടുംബശ്രീ ജില്ലാ മിഷന്‍ തയ്യാറാക്കുന്നത് 38,350 കിലോഗ്രാം ശര്‍ക്കരവരട്ടി

Update: 2022-08-28 14:17 GMT

മാള: ഇത്തവണത്തെ ഓണത്തിന് സപ്ലൈകോ വഴി കുടുംബശ്രീ ജില്ലാ മിഷന്‍ 38,350 കിലോഗ്രാം ശര്‍ക്കരവരട്ടി വില്‍പ്പനക്ക് ലക്ഷ്യമിടുന്നു. എന്നാല്‍ സപ്ലൈകോ ആവശ്യപ്പെട്ടതിന്റെ പകുതി മാത്രമേ കുടുംബശ്രീ യൂനിറ്റുകള്‍ക്ക് നല്‍കാന്‍ കഴിയൂയെന്നതാണ് സാഹചര്യം. 

60,000 കിലോയിലധികം ശര്‍ക്കരവരട്ടിയാണ് സപ്ലൈകോ ആവശ്യപ്പെട്ടത്. ജില്ലയിലെ 32 കുടുംബശ്രീ യൂനിറ്റുകള്‍ നേരിട്ട് നിര്‍മ്മിക്കുന്ന ശര്‍ക്കരവരട്ടിയാണ് ജില്ലാ മിഷന്‍ വഴി സപ്ലൈകോക്ക് നല്‍കുന്നത്. സപ്ലൈകോക്ക് ജില്ലയിലുള്ള നാല് ഡിപ്പോകള്‍ വഴിയാണ് ശര്‍ക്കരവരട്ടി വാങ്ങുന്നത്. ബാക്കി മലപ്പുറം കുടുംബശ്രീ മിഷന്‍ വഴിയും വാങ്ങാനാണ് ലക്ഷ്യമിടുന്നത്.

കുടുംബശ്രീ ജില്ലാ മിഷന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഓണത്തിനുള്ള ശര്‍ക്കരവരട്ടിയും ഏത്തക്കായ ചിപ്‌സും തയ്യാറാക്കുന്നത്. തയ്യാറാക്കിയ ശര്‍ക്കവരട്ടിയുടെ ആദ്യഘട്ടം സപ്ലൈകോക്ക് കൈമാറിയിട്ടുണ്ട്. 100 ഗ്രാം തൂക്കമുള്ള പാക്കറ്റുകളാക്കിയാണ് കൂടുതലും നല്‍കുന്നത്. ജില്ലയിലെ ചാലക്കുടി ഡിപ്പോക്ക് കീഴിലുള്ള മാളയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ശര്‍ക്കരവരട്ടി നിര്‍മ്മാണം ധൃതഗതിയില്‍ പുരോഗമിക്കുകയാണ്. അതേസമയം പച്ചക്കായക്ക് വില വര്‍ദ്ധിച്ച് വരുന്നതിനാല്‍ കുടുംബശ്രീ അംഗങ്ങളുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്.

ഏത്തക്കായ കിലോഗ്രാമിന് ശരാശരി 60 രൂപയാണ് നിലവിലുള്ളത്. ഇക്കഴിഞ്ഞ പ്രളയം ഏത്തവാഴകളെയാണ് കൂടുതലായി ബാധിച്ചത്. മാള മേഖലയിലെ മാത്രം ലക്ഷക്കണക്കിന് വാഴകളാണ് നശിച്ചത്. ഇത്തവണത്തെ ഉത്രാടത്തിനോടനുബന്ധിച്ച് ഏത്തക്കായക്ക് 100 രൂപയില്‍ കൂടാനാണ് സാദ്ധ്യതയുള്ളതെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ചാലക്കുടി, ചാവക്കാട്, തൃശ്ശൂര്‍, വടക്കാഞ്ചേരി ഡിപ്പോകളിലേക്കാണ് കുടുംബശ്രീകള്‍ ശര്‍ക്കരവരട്ടിയും ചിപ്‌സും നല്‍കുന്നത്.

Tags:    

Similar News