ലക്ഷദ്വീപുകാരെ ശത്രുക്കളാക്കുന്നു; ജനദ്രോഹ നടപടികളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് കെസി വേണുഗോപാല്‍ എംപി

കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികളുമായി പാര്‍ട്ടി മുന്നോട്ടുപോവുമെന്നും കെസി വേണുഗോപാല്‍

Update: 2021-05-25 10:50 GMT

തിരുവനന്തപുരം: ലക്ഷദ്വീപിലെ ജനങ്ങളുടെ സംസ്‌കാരത്തെയും ജീവിതത്തെയും വെല്ലുവിളിക്കുന്ന നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പിന്തിരിയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ലക്ഷദ്വീപിന് തനതായ പാരമ്പര്യവും, സംസ്‌കാരവും ജീവിത രീതികളുമുണ്ട്. ഇതിനെയെല്ലാം വെല്ലുവിളിച്ചു ഏകാധിപതിയെപോലെ പെരുമാറി ജനങ്ങളുടെ മനസ്സില്‍ അശാന്തിയുടെ വിത്തുകള്‍ പാകുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

സമാധാനമായി ജീവിച്ചിരുന്ന ഒരു ജനതയെ ശത്രുക്കളാക്കി പ്രഖ്യാപിച്ചു, അവര്‍ക്കെതിരായിട്ടുള്ള നടപടികള്‍ പ്രതികാരബുദ്ധിയോടെ സ്വീകരിക്കുന്ന നിലപാടാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്തുകളെ മറികടക്കുക, ദ്വീപ് നിവാസികളായ ഉദ്യോഗസ്ഥരെ പിരിച്ചു വിടുക, അവരുടെ ഭക്ഷണ അഭിരുചികളെപോലും ചോദ്യം ചെയ്യുക, തുടങ്ങി ലക്ഷദ്വീപിലെ പിസിസി അധ്യക്ഷന്‍ പറഞ്ഞത് പ്രകാരം ഇന്റര്‍നെറ്റ് സൗകര്യം പോലും വിച്ഛേദിക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.

ലക്ഷദ്വീപിലെ പുതിയ കരട് നിയമപ്രകാരം ഇത്തരം നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ഒരു വര്‍ഷം വരെ തടവിലിടാനുള്ള വ്യവസ്ഥകള്‍ പോലും കൂട്ടിച്ചേര്‍ക്കാനുള്ള ആലോചനകളുണ്ട്. ലക്ഷദ്വീപിനെ മറ്റൊരു കാശ്മീര്‍ ആക്കാനാണോ കേന്ദ്രസര്‍ക്കാര്‍ മുതിരുന്നതെന്നു വ്യക്തമാക്കണം. ഇതിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി പ്രതികരിക്കും. എഐസിസിയുടെ ലക്ഷദ്വീപ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയോട് ലക്ഷദ്വീപിലെ സാഹചര്യങ്ങള്‍ വിലയിരുത്തി അനുയോജ്യമായ സമര പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എഐസിസി പ്രതിനിധികള്‍ അടിയന്തിരമായി ലക്ഷദ്വീപ് സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഹൈക്കോടതി ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെട്ടുവെന്നുള്ളത് ശുഭോദര്‍ഹമാണ്. കേരളത്തിന് ലക്ഷദ്വീപിനോട് ഭൂമിശാസ്ത്രപരമായും, ചരിത്രപരമായും, സാംസ്‌കാരികപരമായും ബന്ധമുണ്ട്. അതിനു ഒറ്റയടിക്ക് വിച്ഛേദിക്കാനുള്ള നിര്‍ബന്ധ ബുദ്ധി എന്തിന്റെ പേരിലാണെന്ന് മനസിലാവുന്നില്ല. ബേപ്പൂര്‍ തുറമുഖവുമായിട്ടുള്ള ദശാബ്ദങ്ങളായുള്ള ബന്ധം ഒറ്റയടിക്ക് വിച്ഛേദിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നു. എന്തിനേറെ കോടതികളുടെ അധികാര പരിധി പോലും മാറ്റാനുള്ള ആലോചനകള്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ കൈകൊള്ളുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര വിശദീകരണം നല്‍കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നലെ രാഷ്ട്രപതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടു പോവുമെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു

Tags:    

Similar News