'ബയോ ബബിള്‍' പദ്ധതിക്ക് തുടക്കമായി: ആലപ്പുഴയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നൂറ് ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കി

Update: 2021-08-30 11:17 GMT

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ വിനോദ സഞ്ചാര മേഖലയെ കൊവിഡ് മുക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പദ്ധതി പൂര്‍ത്തിയാക്കിയതായി പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. കൊവിഡ് രോഗവ്യാപനം മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ബയോ ബബിള്‍' പദ്ധതി നടപ്പാക്കി കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുമായാണ് ആലപ്പുഴയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പുന്നമടയിലും അനുബന്ധ കേന്ദ്രങ്ങളിലെയും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കിയത്. 

ആലപ്പുഴ ഫിനിഷിംഗ് പോയിന്റിലെ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നടന്ന വാക്‌സിനേഷന്‍ പരിപാടി പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുന്നമടയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നടത്തിയതോടെ ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസും ആരോഗ്യ സുരക്ഷാ ബോധവും നല്‍കുമെന്നും വിനോദ സഞ്ചാര മേഖലയെ പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ നഗരസഭാംഗങ്ങളായ ആര്‍ വിനീത, ജി ശ്രീലേഖ, കൊച്ചുത്രേസ്യ ജോസഫ്, വിനോദ സഞ്ചാര വകുപ്പ് ഉപഡയറക്ടര്‍ ബിജു വര്‍ഗ്ഗീസ്, ഡിടിപിസി സെക്രട്ടറി എം മാലിന്‍, 'ഡോക്ടര്‍ ഫോര്‍ യൂ' മെഡിക്കല്‍ ഓഫിസര്‍ ഡോ. ജാസിം കെ സുല്‍ത്താന്‍, വി ബി അശോകന്‍, ഓള്‍ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് ആന്റ് ഓപ്പറേറ്റേഴ്‌സ് സമിതി സംസ്ഥാന സെക്രട്ടറി കെവിന്‍ റോസാരിയോ, പി കെ സുധീഷ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന മുഴുവന്‍ പേര്‍ക്ക് ഇതിന്റെ ഭാഗമായി കൊവിഡ് വാക്‌സിന്‍ നല്‍കി. പുന്നമടയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹൗസ്‌ബോട്ട് , ശിക്കാര ബോട്ട് തൊഴിലാളികള്‍, റിസോര്‍ട്ട് ഹോംസ്‌റ്റേ ജീവനക്കാര്‍, ടാക്‌സി ഓട്ടോ െ്രെഡവര്‍മാര്‍, ചെറുകിട വഴിയോര കച്ചവടക്കാര്‍, ഇവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍ എന്നിങ്ങനെ പ്രദേശത്തെ മുഴുവന്‍ പേര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കി.

എംഎല്‍എയുടെ നേതൃത്വത്തിലുള്ള 'എംഎല്‍എ കെയര്‍ പ്രോജക്റ്റി'ന്റെ കീഴിലാണ് വാക്‌സിനേഷന്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് വിനോദ സഞ്ചാര മേഖലയ്ക്ക് മാത്രമായി വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് എം.എല്‍.എ. പറഞ്ഞു.

Tags:    

Similar News