വനിതാ എസ്‌ഐയെ കൈയേറ്റം ചെയ്ത കേസില്‍ അഭിഭാഷകന്‍ പിടിയില്‍
അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ള സംഘം അപമര്യാദയായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്.
കോട്ടയം: വനിത എസ്ഐയെ ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസില്‍ യുവ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. മരങ്ങാട് വടയാറ്റുകുന്നേല്‍ വിപിന്‍ ആന്റണിയാണ് പിടിയിലായത്. കൂട്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
മരങ്ങാട് ജാഗ്രത സമിതി കേന്ദ്രത്തിന് സമീപമാണ് സംഭവം. എസ്ഐ ഇ.പി ഡിനി, പൊലീസുകാരായ വിനോദ്, ആര്‍ ജഗതി എന്നിവര്‍ക്കുനേരെയാണ് യുവാക്കള്‍ അതിക്രമത്തിന് മുതിര്‍ന്നത്. പരിശോധനയ്ക്കിടെ റോഡരികില്‍ വിപിനും സുഹൃത്തുക്കളും നില്‍ക്കുന്നത് കണ്ട് പൊലീസ് സംഘം വിവരം തിരക്കിയപ്പോള്‍ വിപിന്‍ പൊലീസിനു നേരെ തട്ടിക്കയറി എന്നാണ് പറയുന്നത്. അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ള സംഘം അപമര്യാദയായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്. വിപിനെ പൊലീസ് പിടികൂടിയതോടെ കൂടെ ഉണ്ടായിരുന്നവര്‍ ഓടിരക്ഷപെട്ടു. ഇവര്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
അടുത്തിടെയാണ് പുതിയ എസ്ഐ-യായി ഡിനി ചുമതലയേറ്റത്. വിപിന്റെ സുഹൃത്തുക്കളായ ദീപക്, ബെനറ്റ്, സച്ചിന്‍ എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഡിവൈഎസ്പി സാജു വര്‍ഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.