കത്ത് വിവാദം: യുവമോര്‍ച്ച മാര്‍ച്ച് അക്രമാസക്തമായി; പോലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു

Update: 2022-11-10 08:19 GMT

തിരുവനന്തപുരം: നഗരസഭയിലെ താല്‍ക്കാലിക നിയമനങ്ങളിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. നഗരസഭാ കാര്യാലയത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലിസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരേ പോലിസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിച്ചു. കോര്‍പറേഷന്‍ ഗേറ്റിന് മുന്നില്‍ പോലിസ് പ്രതിഷേധക്കാരെ തടഞ്ഞെങ്കിലും യുവമോര്‍ച്ച പ്രവര്‍ത്തകരില്‍ ചിലര്‍ ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയിലേക്കെത്തിയത്. പിന്നീട് പ്രതിഷേധക്കാര്‍ക്കെതിരേ പോലിസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

ശക്തമായ കണ്ണീര്‍വാതക പ്രയോഗത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തര്‍ക്ക് പുറമേ പോലിസ് ഉദ്യോഗസ്ഥര്‍ക്കും നഗരസഭാ ജീവനക്കാര്‍ക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. മറ്റൊരു വേദിയില്‍ പ്രതിഷേധം നടത്തുകയായിരുന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ കണ്ണീര്‍വാതക പ്രയോഗത്തെത്തുടര്‍ന്ന് സ്ഥലത്തു നിന്ന് മാറി. പ്രദേശത്ത് നിന്ന് പിരിഞ്ഞ് പോവാതെ തുടരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം തുടരുകയാണ്. സംഘാര്‍ഷാവസ്ഥ തുടരുന്നതിനാല്‍ പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങളാണ് പോലിസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്ഥലത്തുണ്ട്. കണ്ണീര്‍ വാതകംകൊണ്ടും ജലപീരങ്കി കൊണ്ടും സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടതില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News