കത്ത് വിവാദം: അടിയന്തര യോഗം വിളിച്ച് സിപിഎം

Update: 2022-11-06 08:45 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ അടിയന്തര യോഗം വിളിച്ച് സിപിഎം. ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും തിങ്കളാഴ്ച ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കത്ത് വിവാദത്തില്‍ നടപടിക്കും സാധ്യതയുണ്ട്. യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയും പങ്കെടുത്തേക്കും. അതേസമയം, വിവാദമായ നിയമന കത്ത് താന്‍ എഴുതിയിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ വിശദീകരണം നല്‍കി. പാര്‍ട്ടിക്കാണ് ആര്യാ രാജേന്ദ്രന്‍ വിശദീകരണം നല്‍കിയത്. വ്യാജമായ കത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ ഫോണില്‍ വിളിച്ചാണു മേയര്‍ വിശദീകരണം നല്‍കിയത്. പോലിസില്‍ പരാതി നല്‍കാന്‍ പാര്‍ട്ടി ആര്യയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിറ്റി പോലിസ് കമ്മീഷണര്‍ക്കോ മ്യൂസിയം പോലിസിലോ ആണ് മേയര്‍ പരാതി നല്‍കുക. വ്യാജ ഒപ്പും, സീലില്ലാത്ത ലെറ്റര്‍പാഡുമുണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്ന് കാട്ടിയാവും പരാതി നല്‍കുക. അതേസമയം, കത്ത് വിവാദത്തില്‍ മേയര്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

എന്നാല്‍, കത്ത് വ്യാജമെന്ന മേയറുടെ വാദം സിപിഎം ജില്ലാ സെക്രട്ടറി ഇന്നും ഏറ്റെടുത്തില്ല. കത്ത് വ്യാജമാണോ എന്ന് പരിശോധിക്കാന്‍ അന്വേഷണം നടക്കുമെന്ന് ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. മേയര്‍ എഴുതിയെന്ന് പറയപ്പെടുന്ന കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും ജില്ലാ സെക്രട്ടറി ആവര്‍ത്തിച്ചു. വിവാദവുമായി ബന്ധപ്പെട്ട് മേയറോട് സംസാരിച്ചിരുന്നതായും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാപട്ടിക നല്‍കണമെന്നും ആവശ്യപ്പെട്ട് മേയര്‍ ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്താണ് പുറത്തുവന്നത്.

Tags:    

Similar News