സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തത്സമയ ഫിറ്റ്‌നസ് സെഷനുകള്‍

വിദ്യാര്‍ത്ഥികള്‍ക്ക് ഫിറ്റ് ഇന്ത്യയുടെയും സിബിഎസ്ഇയുടെയും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ വഴി തത്സമയ സെഷനുകളില്‍ പങ്കെടുക്കാം

Update: 2020-04-14 17:04 GMT

ന്യൂഡല്‍ഹി: ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രധാന ഫിറ്റ്‌നസ് പരിപാടിയായ ഫിറ്റ് ഇന്ത്യയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഫിറ്റ് ഇന്ത്യ ആക്റ്റീവ് ഡേ പ്രോഗ്രാമിന് കീഴിലുള്ള തത്സമയ സെഷനുകള്‍ക്കു ലഭിച്ച വന്‍ സ്വീകാര്യതയ്ക്കു ശേഷം മറ്റൊരു തല്‍സമയ ഫിറ്റ്‌നസ് സെഷന്‍ കൂടി ആരംഭിക്കുന്നു. രണ്ടാം ഘട്ട ലോക് ഡൗണില്‍ രാജ്യത്തുടനീളമുള്ള സ്‌കൂള്‍ കുട്ടികള്‍ക്കായി ഇത്തവണ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ (സിബിഎസ്ഇ) പങ്കാളിത്തത്തോടെയാണ് തല്‍സമയ ഫിറ്റ്നസ് പരിപാടി സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ നിരവധി ഫിറ്റ് ഇന്ത്യ പരിപാടികളില്‍ 13868 സിബിഎസ്ഇ സ്‌കൂളുകള്‍ ഭാഗഭാക്കായി. ഇപ്പോള്‍ ലോക്ക്ഡൗണ്‍ സമയത്ത് രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ ഗുണകരമായി ഇടപഴകാന്‍ മാത്രമല്ല, ശാരീരികക്ഷമതയും ആരോഗ്യകരമായ ജീവിതവും ഒരു ജീവിതരീതിയായി ഏറ്റെടുക്കാന്‍ ഇത് അവരെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പോഖ്രിയാല്‍ നിഷാങ്ക് പറഞ്ഞു.ഫിറ്റ്നെസ് വിദഗ്ധര്‍ നയിക്കുന്ന തല്‍സമയ സെഷനുകള്‍ വഴി കുട്ടികള്‍ വീട്ടിലായിരിക്കുമ്പോഴും ശാരീരികക്ഷമത ഉറപ്പാക്കുമെന്ന് കേന്ദ്ര യുവജനകായിക മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

ഫിറ്റ്നെസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് പുറമെ, പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യും. തല്‍സമയ സെഷനുകളില്‍ നിന്ന് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വളരെയധികം പ്രയോജനം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2020 ഏപ്രില്‍ 15 മുതല്‍ രാവിലെ 9.30ന് ആരംഭിക്കുന്ന തത്സമയ സെഷനുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെയും സിബിഎസ്ഇയുടെയും ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം വഴി പ്രവേശിക്കാന്‍ കഴിയും. എല്ലാ സെഷനുകളും യൂടൂബില്‍ പിന്നീട് ലഭ്യമാകുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഉപയോഗപ്പെടുത്താന്‍ കഴിയും. ദൈനംദിന വ്യായാമ പരിശീലനം, യോഗ, സമീകൃതാഹാരം, മാനസികാരോഗ്യം തുടങ്ങി നിരവധി കാര്യങ്ങളും തത്സമയ സെഷനുകളില്‍ ഉള്‍ക്കൊള്ളുന്നു. സിബിഎസ്ഇ, ജിഒക്യുഐഐ എന്നിവയുടെ സോഷ്യല്‍ മീഡിയ സംവിധാനം വഴിയും ശില്‍പ ഷെട്ടി ആപ്പ് വഴിയും തത്സമയം തന്നെ ലഭ്യമാകും. 

Tags:    

Similar News