അഞ്ചടിച്ച് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്തി; ചെല്‍സിക്ക് തോല്‍വി

Update: 2020-07-23 06:50 GMT

ആന്‍ഫീല്‍ഡ്: 30 വര്‍ഷത്തിന് ശേഷം ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്തി. ഏഴ് മല്‍സരങ്ങള്‍ ശേഷിക്കെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ ഇന്ന് ചെല്‍സിയെ തോല്‍പ്പിച്ചതിന് ശേഷമാണ് കിരീടമുയര്‍ത്തിയത്. മൂന്നിനെതിരേ അഞ്ച് ഗോളടിച്ചാണ് ചെമ്പട നീലപ്പടയെ തോല്‍പ്പിച്ചത്. ആദ്യപകുതിയില്‍ തന്നെ മൂന്ന് ഗോളിന്റെ ലീഡെടുത്താണ് ലിവര്‍പൂള്‍ മുന്നേറിയത്. കീറ്റാ(23), അര്‍നോള്‍ഡ്(38), വിജനല്‍ഡം(43), ഫിര്‍മിനോ(54), ചേംബര്‍ലിന്‍ (84) എന്നിവരാണ് ലിവര്‍പൂളിനായി വലകുലിക്കിയത്. ജിറൗഡ്(45), അബ്രഹാം (61), പുലിസിക്ക്(73) എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍. ലിവര്‍പൂളിനെതിരേ രണ്ടാം പകുതിയില്‍ മികച്ച പ്രകടനമാണ് ചെല്‍സി പുറത്തെടുത്തത്.

ലിവര്‍പൂളിനോടേറ്റ പരാജയം ചെല്‍സിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. തോല്‍വിയോടെ അവര്‍ നാലാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ്ഹാം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 1-1 സമനിലയില്‍ പിടിച്ചു. ഇതോടെ യുനൈറ്റഡ് മൂന്നാം സ്ഥാനത്തേക്ക് കയറി. ലെസ്റ്റര്‍ അഞ്ചാം സ്ഥാനത്തേക്കും പിന്‍തള്ളപ്പെട്ടു. ചാംപ്യന്‍സ് ലീഗ് യോഗ്യത ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍, ചെല്‍സി, ലെസ്റ്റര്‍ എന്നിവര്‍ക്ക് ഇനിയുള്ള അവസാന മല്‍സരം നിര്‍ണ്ണായകമാണ്. യുനൈറ്റഡിനും ചെല്‍സിക്കും 63 പോയിന്റാണുള്ളത്. ലെസ്റ്ററിന് 62 പോയിന്റുമാണുള്ളത്. അവസാന മല്‍സരത്തില്‍ ചെല്‍സി വോല്‍വ്‌സിനെ നേരിടുമ്പോള്‍ ലെസ്റ്റര്‍ യുനൈറ്റഡിനെയും നേരിടും.


Tags:    

Similar News