അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നു- കെ കെ അബ്ദുല്‍ ജബ്ബാര്‍
തിരുവനന്തപുരം: വേനല്‍ ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം കൂടി നടപ്പാക്കി ഇടതു സര്‍ക്കാര്‍ ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. വര്‍ധിച്ച ഉപഭോഗവും സാങ്കേതിക പ്രശ്‌നവും മൂലം വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ അപ്രഖ്യാപിതമായി വൈദ്യുതി വിതരണം തടസ്സപ്പെടുത്തി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. രാത്രി കാലങ്ങളിലെ വൈദ്യുതി മുടക്കം മൂലം രാത്രി ഉറങ്ങാന്‍ പോലും കഴിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കുന്നു. വൈദ്യുതി മേഖലയിലെ വികലമായ പരിഷ്‌കാരങ്ങളും കെടുകാര്യസ്ഥതയുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. വേനല്‍ കടുത്തതോടെ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. അതേസമയം ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ റദ്ദാക്കിയത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നു. പ്രതിസന്ധി മറികടക്കുന്നതിന് താല്‍ക്കാലിക കരാറുകളില്‍ ഏര്‍പ്പെടുന്നതിന്റെ അമിതഭാരം ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണ്. ഈ മാസം മുതല്‍ നിരക്ക് വര്‍ധന വരുമെന്ന മുന്നറിയിപ്പ് വന്നിരിക്കുകയാണ്. ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയത് അഴിമതിക്ക് വഴിയൊരുക്കുമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ കുറ്റപ്പെടുത്തി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സമഗ്രവും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമായ നയനിലപാടുകള്‍ സ്വീകരിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.