മൊബൈല്‍ ടവറുകളിലെ ബാറ്ററി മോഷണം; ചുമട്ടുതൊഴിലാളി പിടിയില്‍
ചുമട്ട് തൊഴിലാളിയായ ഇരിട്ടി ആനപ്പന്തിയിലെ കനകപ്പുലം വീട്ടില്‍ കെ പി രാജനാ (59) ണ് അറസ്റ്റിലായത്.
കണ്ണൂര്‍: മൊബൈല്‍ ടവറുകളില്‍ നിന്നും ബാറ്ററി കവര്‍ന്ന് വില്‍പ്പന നടത്തുന്ന പ്രതി പോലിസ് പിടിയിലായി. ചുമട്ട് തൊഴിലാളിയായ ഇരിട്ടി ആനപ്പന്തിയിലെ കനകപ്പുലം വീട്ടില്‍ കെ പി രാജനാ (59) ണ് അറസ്റ്റിലായത്. മേഖലയില്‍ കവര്‍ച്ച പതിവായതോടെ മൊബൈല്‍ കമ്പനികളുടെ സഹായത്തോടെ പോലിസ് വല വിരിക്കുകയായിരുന്നു. ജില്ലയിലെ വിവിധയിടങ്ങളില്‍നിന്ന് മൊബൈല്‍ ടവറുകളിലെ ബാറ്ററി ഇയാള്‍ മോഷ്ടിച്ചിട്ടുണ്ട്. മൊബൈല്‍ ടവറുകളിലെ സുരക്ഷാ ജീവനക്കാരെ ഒഴിവാക്കിയതാണ് രാജന് സൗകര്യമായത്.
വിജനമായ ഇടങ്ങളില്‍ സ്ഥാപിച്ച ടവറുകളിലെ ജനറേറ്ററുകളില്‍ നിന്നു ബാറ്ററിയും അനുബന്ധ സാമഗ്രികളും മോഷ്ടിക്കുകയാണ് ഇയാളുടെ രീതി.ഇത്തരം കേസുകള്‍ വര്‍ധിച്ചതോടെ മൊബൈല്‍ കമ്പനികളുടെ സഹായത്തോടെ അതിസൂക്ഷമമായ ക്യാമറസ്ഥാപിച്ചാണ് പോലിസ് കള്ളനെ കുടുക്കിയത്. കഴിഞ്ഞ ദിവസം ചക്കരക്കല്ലിനടുത്തെ ഒരു മൊബൈല്‍ ടവറില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കവെയാണ് രാജന്‍ പിടിയിലായത്. മൊബൈല്‍ കമ്പനിയുടെ കൊച്ചിയിലെ ഓഫിസില്‍ നിന്നു അറിയിച്ചതിനു പിന്നാലെയാണ് ഇയാളെ പിടികൂടിയത്.
മൊബൈല്‍ കമ്പനിയുടെ സാങ്കേതിക വിദഗ്ധര്‍ പോലിസിനെ തക്ക സമയത്ത് അറിയിക്കുകയും തുടര്‍ന്ന് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന ചക്കരക്കല്‍ പൊലിസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഏറെക്കാലമായി പ്രതി വീടും കുടുംബവും ഉപേക്ഷിച്ച് ജീവിക്കുന്നയാളാണ്. പെട്രോള്‍ പമ്പുകളിലാണ് ഇയാളുടെ അന്തിയുറക്കം. ടവറുകളില്‍ നിന്നും ബാറ്ററിയും മറ്റും മോഷണം പോയെന്ന പരാതിയില്‍ ചക്കരക്കല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം 12 ഓളം കേസുകള്‍ നിലവിലുണ്ട്.