തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കും
കോഴിക്കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടപ്പിലാക്കുന്നതിന് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാശുചിത്വമിഷന്‍ കര്‍മ്മ പരിപാടി തയാറാക്കി. ഒറ്റതവണ ഉപയോഗിച്ച് കളയുന്ന എല്ലാതരം വസ്തുക്കളും ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് പ്രകൃതിക്ക് ദോഷമുണ്ടാകാത്ത രീതിയില്‍ പ്രചരണം നടത്തണം. ഫ്്‌ളക്‌സ് പോലുള്ള വസ്തുക്കളും ഡിസ്‌പോസിബിള്‍ വസ്തുക്കളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടികളിലും ഉപയോഗിക്കാന്‍ പാടില്ല.
കുടിവെള്ള വിതരണത്തിന് പ്ലാസ്റ്റിക്ക് ബോട്ടില്‍ പൂര്‍ണമായും ഒഴിവാക്കി ബബിള്‍ടോപ്പ് ഡിസ്‌പെന്‍സര്‍, മണ്‍കുടം സ്റ്റീല്‍ ഗ്ലാസ്സ് എന്നിവ ഉറപ്പുവരുത്തണം. ഭക്ഷണ വിതരണം കഴുകി ഉപയോഗിക്കാവുന്ന പത്രങ്ങളിലോ വാഴയിലയില്‍ പൊതിഞ്ഞും മാത്രം നല്‍കുന്ന രീതിയിലായിരിക്കണം. പ്ലാസ്റ്റിക്, തെര്‍മോകോള്‍ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും സ്വീകരിക്കുന്ന കേന്ദ്രങ്ങളിലും മാലിന്യം തരം തിരിച്ച് കൈകാര്യം ചെയ്യുന്നതിന് സംവിധാനമൊരുക്കണം. എല്ലാ വിഭാഗം ജീവനക്കാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പോളിങ്ങ് സ്റ്റേഷന്‍ ഉള്‍പ്പെടുന്ന സ്ഥാപനമേധാവികള്‍ക്കും ആവശ്യമായ ബോധവല്‍ക്കരണം നടത്തും.