തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോര്‍പ്പറേഷനില്‍ 25 ഡിവിഷനുകളില്‍ ജനവിധി തേടും- എസ്ഡിപിഐ
വികസന മുരടിപ്പിന് എതിരെ വിവേചനമില്ലാത്ത വികസനത്തിന് എസ്ഡിപിഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ എസ്ഡിപിഐ 25 ഡിവിഷനുകളില്‍ ജനവിധി തേടും. അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ അഴിമതിക്കാരുടെ വിളനിലമായി മാറിയിരിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യങ്ങള്‍ പൂര്‍ണമായും കോര്‍പ്പറേഷന്‍ വാര്‍ഡുകളിലെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇതുവരെ കോര്‍പ്പറേഷന് ഭരിക്കുന്നവര്‍ക്ക് സാധിച്ചിട്ടില്ല. ഇതില്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും ഒരുപോലെ ഉത്തരവാദികളാണ്. വികസന മുരടിപ്പിന് എതിരെ വിവേചനമില്ലാത്ത വികസനത്തിന് എസ്ഡിപിഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
എസ്ഡിപിഐ ജില്ലാ സെക്രട്ടറി അബ്ദുല്‍ വാഹിദ് ചെറുവറ്റ യോഗം ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് മോണിറ്ററിങ് സമിതിയുടെ ചെയര്‍മാനായി കെ കെ കബീര്‍ നെല്ലിക്കോടിനെ യോഗം തിരഞ്ഞെടുത്തു.
കെ പി ജാഫര്‍ പയ്യാനക്കല്‍ (വൈസ് ചെയര്‍മാന്‍), എം സി സക്കീര്‍ ചക്കുംകടവ് (കണ്‍വീനര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ജില്ലാ കമ്മിറ്റി അംഗമായ അബ്ദുല്‍ ഖയ്യും മൂഴിക്കല്‍, സൗത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് പയ്യാനക്കല്‍, ശിഹാബ് പുതിയങ്ങാടി, സഹദ് മായനാട്, ഷബീര്‍ കിണാശ്ശേരി സംസാരിച്ചു.