ഏപ്രില്‍ 14നു ശേഷം മേഘാലയ ലോക്ക് ഡൗണ്‍ നീട്ടില്ല
സംസ്ഥാനത്തെ സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളും ഏപ്രില്‍ 30 വരെ അടച്ചിടും. സംസ്ഥാനത്തിന് പുറത്ത് പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന 2192 പേര്‍ക്ക് സംസ്ഥാനത്തേക്ക് ഏപ്രിലിനു ശേഷം മാത്രമേ തിരിച്ചുവരാനുള്ള അനുമതിയുളളൂ.
ഷില്ലോങ്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 14നു ശേഷം നീട്ടേണ്ടതില്ലെന്ന് മേഘാലയ തീരുമാനിച്ചു. ഏപ്രില്‍ 15നു ശേഷം സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും പൂര്‍ണമായ തോതില്‍ തുറന്നുപ്രവര്‍ത്തിക്കാനും തീരുമാനിച്ചു. ലോക്ക് ഡൗണ്‍ നീട്ടേണ്ടതില്ലെന്ന് തീരുമാനിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മേഘാലയ.
എന്നാല്‍ സംസ്ഥാനത്തെ സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളും ഏപ്രില്‍ 30 വരെ അടച്ചിടും. സംസ്ഥാന കാബിനറ്റ് മീറ്റിങ്ങിലാണ് ഇക്കാര്യം തീരുമാനിച്ചത്.
സംസ്ഥാനത്തെ ആഴ്ചച്ചന്തകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും തുറക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് തടസ്സമില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അനുമതി ലഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുമതി നല്‍കും. അതേസമയം എല്ലാ പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ചായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കൊവിഡ് 19ന്റ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കെല്ലാം ആഴ്ചയില്‍ 700 രൂപ വച്ച് സര്‍ക്കാര്‍ നല്‍കും. കൂലി നഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിനുണ്ടി രൂപപ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക ഫണ്ടില്‍ നിന്നാണ് ഇതിന് പണം നല്‍കുക. എല്ലാവര്‍ക്കും അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കുകയാണ് ചെയ്യുക. പിഎം കിസാന്‍ യോജനയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
അതേസമയം സംസ്ഥാനത്തിന് പുറത്ത് പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന 2192 പേര്‍ക്ക് സംസ്ഥാനത്തേക്ക് ഏപ്രിലിനു ശേഷം മാത്രമേ തിരിച്ചുവരാനുള്ള അനുമതിയുളളൂ.