കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് അതും പോയി; ജാലിയന്‍ വാലാബാഗ് ബില്ല് പാസാക്കി
സ്മാരകത്തിന്റെ ട്രസ്റ്റി സ്ഥാനത്തുനിന്നും കോണ്‍ഗ്രസ് അധ്യക്ഷനെ സ്ഥാനഭ്രഷ്ടനാക്കുന്ന ഭേദഗതിയാണ് ലോക്‌സഭയില്‍ ശബ്ദവോട്ടോടെ പാസാക്കിയത്.
ന്യൂഡല്‍ഹി: ജാലിയന്‍ വാലാബാഗ് ദേശീയ സ്മാരക ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കി. സ്മാരകത്തിന്റെ ട്രസ്റ്റി സ്ഥാനത്തുനിന്നും കോണ്‍ഗ്രസ് അധ്യക്ഷനെ സ്ഥാനഭ്രഷ്ടനാക്കുന്ന ഭേദഗതിയാണ് ലോക്‌സഭയില്‍ ശബ്ദവോട്ടോടെ പാസാക്കിയത്. ബില്ലില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തെ വോട്ടുകള്‍ ഭിന്നിച്ചതിനെത്തുടര്‍ന്ന് ബില്‍ പാസാക്കുകയായിരുന്നു.
ദേശീയ സ്മാരകത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ സ്മാരകമാക്കാന്‍ കേന്ദ്രത്തിന് യോജിപ്പില്ലെന്നാണ് ബില്ലിനെ ലോക്‌സഭയില്‍ അവതരിപ്പിച്ച സാംസ്‌കാരിക മന്ത്രി പ്രഹഌദ് പട്ടേല്‍ പറഞ്ഞത്. ഇത്തരം സ്മാരകങ്ങളുടെ രക്ഷാധികാരത്തില്‍ നിന്നും രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും എടുത്തുകളയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിക്ക് രക്ഷാധികാര പദവിയില്‍ അംഗത്വം ലഭിക്കുമെങ്കിലും ലോക്‌സഭയിലെ ആകെ സീറ്റുകളുടെ 10ശതമാനം സീറ്റുകള്‍ ഒരു പാര്‍ട്ടിക്കുമില്ലെന്നിരിക്കെ ബിജെപി ഇതര പാര്‍ട്ടികള്‍ക്കൊന്നും അത്തരമൊരു അവസരം ലഭിക്കുകയില്ല.
ചെയര്‍പേഴ്‌സണായി പ്രധാനമന്ത്രി, കോണ്‍ഗ്രസ് അധ്യക്ഷന്‍, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, കേന്ദ്ര സാംസ്‌കാരിക മന്ത്രി, പഞ്ചാബ് ഗവര്‍ണര്‍, പഞ്ചാബ് മുഖ്യമന്ത്രി എന്നിവരാണ് നിലവില്‍ ജാലിയന്‍ വാലാബാഗ് സ്മാരകത്തിന്റെ ട്രസ്റ്റി അംഗങ്ങള്‍.
ഭേദഗതി പാസായതോടെ ഇനി കോണ്‍ഗ്രസ് അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും ട്രസ്റ്റ് അംഗത്വത്തില്‍ നിന്നും സ്ഥാനഭ്രഷ്ടരാക്കും. ചരിത്രം തിരുത്താനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ പറഞ്ഞു.