ലോകായുക്ത വിധി യുക്തിപരമല്ല; നടന്നത് സ്വജനപക്ഷപാതമല്ലെങ്കില്‍ പിന്നെ എന്താണെന്നും രമേശ് ചെന്നിത്തല
ലോകായുക്തക്ക് ഒരിക്കലും ക്ലീന്‍ചിറ്റ് നല്‍കാന്‍ കഴിയില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഉന്നയിച്ച വാദങ്ങള്‍ വസ്തുതാപരമാണ്
തിരുവനന്തപുരം: കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെതിരെ ലോകായുക്തക്ക് നല്‍കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസില്‍ ലോകായുക്ത വിധി യുക്തിപരമാണെന്ന് പറയാനാകില്ല. നടന്നത് സ്വജനപക്ഷപാതമല്ലെങ്കില്‍ പിന്നെയെന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന ലോകായുക്ത വിധിയില്‍ പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഉന്നയിച്ച വാദങ്ങള്‍ വസ്തുതാപരമാണ്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പത്താം നിയമപ്രകാരം കുറ്റകരമാണിത്. ലോകായുക്തയെയല്ല വിമര്‍ശിക്കുന്നത്, മറിച്ച് വിധിയെ ആണ്. വിഷയത്തില്‍ ലോകായുക്തയുടെ ജഡ്ജ്‌മെന്റ് പൂര്‍ണമായും പുറത്തുവന്ന ശേഷം തുടര്‍നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ ലോകായുക്തക്ക് ഒരിക്കലും ക്ലീന്‍ചിറ്റ് നല്‍കാന്‍ കഴിയില്ല. നിയമവിദഗ്ധരോട് ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലക്ക് ഇച്ഛാഭംഗം ആണെന്ന മന്ത്രിയുടെ വിമര്‍ശത്തിന് ചെന്നിത്തല മറുപടി പറഞ്ഞില്ല. മന്ത്രി മറുപടി അര്‍ഹിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് യാതൊരു എതിര്‍പ്പും ഇല്ല. അതിനെ വ്യക്തിപരമായി കാണേണ്ടതില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കണ്ണൂര്‍ വിസി നിയമന വിവാദത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും മന്ത്രി സര്‍വ്വകലാശാലക്ക് നല്‍കിയത് നിര്‍ദേശമാണെന്നുമായിരുന്നു കേസ് പരിഗണിക്കവെ ലോകായുക്തയുടെ നിരീക്ഷണം. മന്ത്രി സര്‍വ്വകലാശാലക്ക് അന്യയല്ല. ഇത്തരമൊരു നിര്‍ദേശം നല്‍കുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഇവിടെ നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിക്കുകയാണ് ചെയ്തതെന്നും ലോകായുക്ത നിരീക്ഷിച്ചു. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യത്തിലേക്ക് ലോകായുക്ത കടന്നില്ല.