ഒറ്റപ്പെട്ട സംഭവങ്ങളുണ്ടെങ്കില്‍ പരിശോധിക്കും; കൊവിഡ് മരണങ്ങള്‍ ഒളിച്ച് വയ്‌ക്കേണ്ട കാര്യം സര്‍ക്കാരിനില്ലെന്നും മന്ത്രി വീണ ജോര്‍ജ്ജ്
പ്രതിപക്ഷ നേതാവ് മുന്നോട്ട് വച്ച നിര്‍ദേശങ്ങളും പരിശോധിക്കും. മരണങ്ങള്‍ ആശുപത്രികള്‍ തന്നെ ഓണ്‍ലൈനായി റിപോര്‍ട്ട് ചെയ്യുന്നുവെന്നും മന്ത്രി
തിരുവനന്തപുരം: ജനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജനങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന ഒന്നിനും സര്‍ക്കാര്‍ തടസം നില്‍ക്കില്ല. ഡബ്ല്യു.എച്ച്.ഒ.യുടേയും ഐ.സി.എം.ആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ച് വരുന്നത്. ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് സംസ്ഥാനത്തിപ്പോള്‍ കൊവിഡ് മരണം റിപോര്‍ട്ട് ചെയ്യുന്നത്. റിയല്‍ ടൈം എന്‍ട്രി സംവിധാനമാണിതിലുള്ളത്. ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടെ നിന്നും ഡോക്ടര്‍മാര്‍ ഓണ്‍ലൈന്‍ മുഖേനയാണ് റിപോര്‍ട്ട് ചെയ്യുന്നത്. ഇത് ജില്ലാതലത്തില്‍ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കുന്നു. ആശുപത്രികള്‍ക്ക് പരിശീലനം നല്‍കി കൃത്യമായാണ് ഇത് നടക്കുന്നത്. നിലവില്‍ കൊവിഡ് മരണങ്ങളെ പറ്റി സര്‍ക്കാരിന് പരാതി കിട്ടിയിട്ടില്ല. നേരത്തെ ഏതെങ്കിലും ഒറ്റപ്പെട്ട മരണം വിട്ടുപോയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മരണം റിപോര്‍ട്ട് ചെയ്യുന്നത് കൂടുതല്‍ സുതാര്യമാക്കുന്നതിനാണ് ഓണ്‍ലൈന്‍ സമ്പ്രദായം സ്വീകരിച്ചത്. കൃത്യമായി ആശുപത്രിയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി മരണം റിപോര്‍ട്ട് ചെയ്തു വരുന്നു. നേരത്തെയും ഐ.സി.എം.ആര്‍. ഗൈഡ് ലൈന്‍ അനുസരിച്ച് തന്നെയായിരുന്നു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഐ.സി.എം.ആറിന്റെ പുതിയ ഗൈഡ്‌ലൈന്‍ വന്നാല്‍ സംസ്ഥാനവും മാറ്റുന്നതാണ്. മരണങ്ങള്‍ ഒളിച്ച് വയ്‌ക്കേണ്ട കാര്യം സര്‍ക്കാരിനില്ല. ഡോക്ടര്‍മാര്‍ തന്നെയാണ് മരണ കാരണം നിര്‍ണയിക്കുന്നതും അത് സ്ഥിരീകരിക്കുന്നതും.
പ്രതിപക്ഷ നേതാവ് മുന്നോട്ട് വച്ച നിര്‍ദേശങ്ങളും പരിശോധിക്കും. ജനങ്ങള്‍ക്ക് സഹായം കിട്ടുന്നതിന് ആവശ്യമായ നിലപാട് സ്വീകരിക്കും. അതിനായി എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ടതാണ്. മുന്‍കാലങ്ങളിലെ മരണവും കൊവിഡ് വന്ന കാലയളവിലെ മരണവും തമ്മില്‍ താരതമ്യപ്പെടുത്തുന്നതും പരിശോധിക്കുന്നതാണ്.
നമ്മുടെ നാട്ടിലെ എല്ലാവര്‍ക്കും പരമാവധി ആനുകൂല്യം ലഭിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊവിഡ് അനുബന്ധ രോഗമുള്ളവരെക്കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. കൊവിഡ് വന്നതിന് ശേഷം കുറച്ച് കാലം കഴിഞ്ഞ് രക്ഷാകര്‍ത്താക്കള്‍ മരണമടഞ്ഞാലും അവരുടെ കുട്ടികള്‍ക്കും ആനുകൂല്യം അനുവദിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.