എല്‍ പി സ്‌കൂള്‍ അധ്യാപക റാങ്ക് ലിസ്റ്റ്; മലപ്പുറം ജില്ലയോട് വിവേചന നയം
മലപ്പുറം ജില്ലയിലേക്ക് 997 പേരുടെ മാത്രം മുഖ്യപട്ടികയാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതില്‍ വലിയ ഏറ്റക്കുറച്ചിലുകളുണ്ട്
മലപ്പുറം: എല്‍ പി സ്‌കൂള്‍ അധ്യാപക നിയമനത്തിന് പിഎസ്‌സി 14 ജില്ലകളിലെയും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മലപ്പുറം ജില്ലയോട് വിവേചനം. മറ്റ് ജില്ലകളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളുടെ പതിന്മടങ്ങ് വരുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയപ്പോള്‍ മലപ്പുറം ജില്ലയില്‍ യഥാര്‍ഥത്തിലുള്ള ഒഴിവുകള്‍ നികത്താനുള്ള എണ്ണം പോലും റാങ്ക് ലിസ്റ്റില്‍ ഉള്‍കൊള്ളിച്ചിട്ടില്ല. ഇത് ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണനയുടെ മറ്റൊരു ഉദാഹരണമായി മാറുകയാണ്.
മലപ്പുറം ജില്ലയിലേക്ക് 997 പേരുടെ മാത്രം മുഖ്യപട്ടികയാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതില്‍ വലിയ ഏറ്റക്കുറച്ചിലുകളുണ്ട്. 518 ആണ് നിലവില്‍ മലപ്പുറം ജില്ലയില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്ന എല്‍പിഎസ്ടി ഒഴിവുകള്‍. എന്നാല്‍, ആയിരക്കണക്കിന് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥികള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്.
2020 നവംബര്‍ 24നാണ്. എല്‍പിഎസ്ടി (കാറ്റഗറി 516/2019) പരീക്ഷ നടന്നത് . മുന്‍ ലിസ്റ്റില്‍ (387/2014) 188 ഒഴിവുകള്‍ മാത്രം റിപോര്‍ട്ട് ചെയ്തപ്പോള്‍ അഞ്ചിരട്ടിയിലധികം ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി 983 പേരുടെ മുഖ്യപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. 2021 ഡിസംബര്‍ 10 വരെ കാലവധിയുണ്ടായിട്ടും ഈ പട്ടിക പ്രസിദ്ധീകരിച്ച് എട്ട് മാസത്തിനകം തീര്‍ന്നു. 1181 പേര്‍ക്ക് നിയമനം നല്‍കിയെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇപ്പോള്‍ അതേ സ്ഥാനത്ത് ആയിരക്കണക്കിന് ഒഴിവുകളുണ്ടായിട്ടും 997 പേരുടെ മാത്രം മുഖ്യപട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. റിപോര്‍ട്ട് ചെയ്ത ഒഴിവിന്റെ (518) മൂന്നിരട്ടി മുതല്‍ അഞ്ചിരട്ടിവരെ പേര്‍ പട്ടികയിലുണ്ടാവണമെന്നാണ് മാനദണ്ഡം. മുന്‍ റാങ്ക് പട്ടികയില്‍ നിന്ന് നടത്തിയ നിയമന ശുപാര്‍ശകളുടെ എണ്ണവും പരിഗണിച്ചാണ് പട്ടിക തയ്യാറാക്കേണ്ടത്. നിലവിലെ മുഖ്യപട്ടികയിലുള്ളവരില്‍ പലരും നിശ്ചിതയോഗ്യതയില്ലാത്തവരും യു പി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമാണ്. ഇവര്‍ ഒഴിവാകുന്നതോടെ പട്ടിക വീണ്ടും ചെറുതാവും. മൂന്ന് കൊല്ലം വരെ കാലാവധി കിട്ടാറുള്ള റാങ്ക് ലിസ്റ്റ് രണ്ട് മാസത്തിനകം തീരാനാണ് സാധ്യത.
മലപ്പുറം ജില്ലയില്‍ രണ്ട് വര്‍ഷമായി സ്റ്റാഫ് ഫിക്‌സേഷന്‍ നടന്നിട്ടില്ല. റിട്ടയര്‍മെന്റും അന്തര്‍ ജില്ലാ സ്ഥലംമാറ്റവും എച്ച് എം പ്രമോഷന്‍ വഴിയുള്ള 209 ഒഴിവുകളുമുണ്ട്. ജില്ലയില്‍ 13,541 കുട്ടികള്‍ വര്‍ധിച്ചത് മൂലമുള്ള ഒഴിവുകള്‍ കൂടി പരിഗണിച്ചാല്‍ ഈ അധ്യയന വര്‍ഷം കൂട്ടാതെ തന്നെ ആയിരത്തിന് മുകളില്‍ അധ്യാപരെ ജില്ലയില്‍ ആവശ്യമാണ്. എന്നിട്ടാണ് പിഎസ്‌സി 997 പേരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. എ്‌നാല്‍ മലപ്പുറം ഒഴികെയുള്ള ജില്ലകളിലേക്ക് സമീപഭാവിയില്‍ ഉണ്ടായേക്കാവുന്ന ഒഴിവുകള്‍ കൂടി കണക്കിലെടുത്താണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.
ഏഴ് ഒഴിവ് മാത്രം റിപോര്‍ട്ട് ചെയ്ത കോട്ടയം ജില്ലയിലെ മുഖ്യപട്ടികയില്‍ 303 പേരുണ്ട്. 26 വീതം ഒഴിവുകളുള്ള കണ്ണൂരിലും ആലപ്പുഴയിലും യഥാക്രമം 400ഉം 403ഉം ആണുള്ളത്. ഇവിടങ്ങളില്‍ മുന്‍ ലിസ്റ്റിന്റെ കാലാവധി അവസാനിച്ചിട്ടുമില്ല. എന്നാല്‍, ലിസ്റ്റ് നിലവിലില്ലാതിരുന്ന മലപ്പുറത്ത് പുതിയ ചുരുക്കപ്പട്ടികയില്‍ നിന്ന് ആയിരത്തില്‍ താഴെ പേരെ മാത്രം മുഖ്യപട്ടികയില്‍ ഉള്‍പ്പെടുത്തുക വഴി ചെയ്തത് വലിയ അനീതിയാണ്.