മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി ഗാനരചയിതാവ് മനോജ് മുന്താഷിര്‍; മുഗള്‍ ഭരണാധികാരികള്‍ കൊള്ളക്കാരെന്നും ആക്ഷേപം
മുഗള്‍, തുര്‍ക്കി നിയമങ്ങളെ എതിര്‍ക്കുമ്പോള്‍ ചിലര്‍ ഇസ്‌ലാമിനെ എതിര്‍ക്കുന്നു എന്നാണ് പറയുന്നത് എന്ന തെറ്റിദ്ധരിപ്പിക്കലും വീഡിയോയില്‍ നടത്തുന്നുണ്ട്.
മുംബൈ: രാജ്യത്തെ മുസ്‌ലിംകളെയും മുഗള്‍ ഭരണാധികാരികളെയും രൂക്ഷമായി അധിക്ഷേപിച്ച് ബോളിവുഡ് ഗാനരചയിതാവ് മനോജ് മുന്താഷിര്‍. വീഡിയോ സന്ദേശത്തിലൂടെയാണ് മനോജ് ആക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്.
അക്ബര്‍, ജഹാംഗീര്‍ തുടങ്ങിയ മുഗള്‍ ഭരണാധികാരികളെല്ലാം ഇന്ത്യയിലെ ഹിന്ദുക്കളെ കൊല്ലാന്‍ ജിഹാദ് നടത്തിയവര്‍ ആണെന്നാണ് പ്രധാന ആരോപണം. റോഡുകള്‍ക്ക് അക്ബര്‍, ഹുമയൂണ്‍, ജഹാംഗീര്‍ തുടങ്ങിയവരുടെ പേരാണ് അവസരവാദി രാഷ്ട്രീയക്കാര്‍ നല്‍കിയത്. ചിറ്റോര്‍ഗഡില്‍ ജിഹാദിന്റെ പേരില്‍ 30,000 സാധാരണക്കാരെ കൊന്ന ഭരണാധികാരി ഒരു ഉത്തമ ഭരണാധികാരിയാണോ. ആഗ്ര കോട്ടയ്ക്ക് മുന്നില്‍ മീന ബസാര്‍ സ്ഥാപിച്ച ഭരണാധികാരി 'സില്ലെഇലാഹി' (ദൈവത്തിന്റെ നിഴല്‍) ആണോ? ആണെങ്കില്‍ എന്തൊരു ഇരുണ്ട ദൈവത്തിന്റെ നിഴലാണ് ഇതെന്നും മനോജ് ആക്ഷേപിക്കുന്നുണ്ട്.
അക്ബര്‍ ചക്രവര്‍ത്തിയുടെ ഭരണത്തെ 'ആദര്‍ശ ഭരണം' എന്ന് വിളിച്ചവരെയും മനോജ് ആക്ഷേപിക്കുന്നു. മുഗള്‍, തുര്‍ക്കി നിയമങ്ങളെ എതിര്‍ക്കുമ്പോള്‍ ചിലര്‍ ഇസ്‌ലാമിനെ എതിര്‍ക്കുന്നു എന്നാണ് പറയുന്നത് എന്ന തെറ്റിദ്ധരിപ്പിക്കലും വീഡിയോയില്‍ നടത്തുന്നുണ്ട്. 'ഉണരുക! നിങ്ങള്‍ അക്ബറിന്റെ പിന്‍ഗാമികളല്ല. നിങ്ങളുടെ പൂര്‍വ്വികര്‍ ഹിന്ദുക്കളുടെ പൂര്‍വ്വികരാണ്. നിങ്ങളുടെ ചരിത്രം അക്ബറിന്റേതല്ല, എന്ന് ഇന്ത്യയിലെ മുസ്‌ലിംകളെ ഉപദേശിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.
മനോജ് മുന്താഷിറിന്റെ മുസ്‌ലിം വിരുദ്ധവും അസത്യങ്ങള്‍ നിറഞ്ഞതുമായ പരാമര്‍ശങ്ങള്‍ക്കെതിരേ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഉറുദു കുടുംബപ്പേര് ആയ് 'മുന്താഷിര്‍' എന്നത് ഉപേക്ഷിക്കാന്‍ മനോജ് തയ്യാറാകണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. മനോജ് ആദ്യമായിട്ടല്ല വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ഇത് അവസാനത്തേതാകില്ലെന്നും എഴുത്തുകാരന്‍ ഹുസൈന്‍ ഹൈദ്രി പറഞ്ഞു.