'സ്വര്‍ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റരുത്'; തടസ്സഹരജിയുമായി എം ശിവശങ്കര്‍ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തെ എതിര്‍ത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. തന്റെ ഭാഗം കേള്‍ക്കാതെ അന്തിമതീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ സുപ്രിംകോടതിയില്‍ തടസ്സഹരജി ഫയല്‍ ചെയ്തു. ഇഡിയുടെ നീക്കത്തിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നാണ് ശിവശങ്കറിന്റെ ആരോപണം.
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ നിലവില്‍ എറണാകുളം കോടതിയുടെ പരിഗണനയിലുള്ള കേസ് ബംഗളൂരിവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട ഇഡിയുടെ ട്രാന്‍സ്ഫര്‍ ഹരജിക്കെതിരെയാണ് ശിവശങ്കര്‍ കോടതിയുടെ സമീപിച്ചത്. സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഈ മാസം ആറിനാണ് ഇഡി ഹരജി ഫയല്‍ ചെയ്തത്. 19ന് ഹരജി രജിസ്റ്റര്‍ ചെയ്തു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രിം കോടതിയില്‍ ഇഡി ട്രാന്‍സ്ഫര്‍ ഹരജി നല്‍കിയത്. കള്ളപ്പണ ഇടപാടില്‍ വിചാരണാ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയാണ് ഇഡി പുതിയ നീക്കവുമായി രംഗത്തെത്തിയത്.