യുഎപിഎ പാടില്ല; തടവറയിലായ പൊതുപ്രവര്‍ത്തകരുടെ മോചനത്തിനായി പൗരാവകാശ പ്രസ്ഥാനം ഉയര്‍ന്നു വരണമെന്നും എംഎ ബേബി

യുഎപിഎയ്ക്ക് അണ്‍ലാഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് എന്നാണ് വിശദീകരണമെങ്കിലും അട്ടര്‍ലി അഥോറിറ്റേറിയന്‍ ആന്‍ഡ് പെര്‍ണീഷ്യസ് ആക്ട് എന്ന് വിളിക്കണമെന്നാണ് എന്റെ അഭിപ്രായം

Update: 2021-07-05 13:16 GMT

തിരുവനന്തപുരം: തടവറയ്ക്കുള്ളില്‍ നരകിക്കുന്ന പൊതുപ്രവര്‍ത്തകരുടെ മോചനത്തിനായി പൗരാവകാശ പ്രസ്ഥാനം ഇന്ത്യയാകെ ഉയര്‍ന്നു വരേണ്ടത് അടിയന്തിരാവശ്യമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ യുഎപിഎ പോലുള്ള ഒരു നിയമം ഇന്നത്തെ രൂപത്തില്‍ ഉണ്ടാവാന്‍ പാടില്ല എന്നാണ് സിപിഎമ്മിന്റെ സുചിന്തിതമായ അഭിപ്രായം. കോളനിയിലെ അടിമകളുടെ മനുഷ്യാവകാശങ്ങള്‍ നിരാകരിക്കാന്‍ ബ്രിട്ടീഷുകാരുണ്ടാക്കിയ കരിനിയമങ്ങളുടെ തുടര്‍ച്ചയാണ് ഈ നിയമവും.

കേന്ദ്രസര്‍ക്കാര്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി ചാവട്ടെ എന്ന് പുച്ഛത്തോടെ തീരുമാനിച്ചതുകൊണ്ടാണ് ജാമ്യം കിട്ടാത്ത വിധം എണ്‍പത്തിനാലു വയസ്സുകാരനായ ഈ ഈശോസഭ പുരോഹിതനെ യുഎപിഎ ചുമത്തി തടവിലിട്ടത്. തീവ്രവാദി എന്ന് ആരോപിച്ച് ജയിലിലിട്ടിരിക്കുന്ന മിക്ക ആദിവാസികളും അത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്തവരാണെന്നു സ്ഥാപിക്കുന്ന പഠന റിപോര്‍ട്ട് അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപോര്‍ട്ടില്‍ പറയുന്ന അയ്യായിരത്തോളം ഗോത്രസമുദായാംഗങ്ങള്‍ക്കായി നിയമസഹായം എത്തിക്കാനുള്ള ശ്രമവും നടത്തി. ഇതാണ് ഭരണകൂടം അദ്ദേഹത്തെ ശത്രുവായി കാണാന്‍ കാരണമെന്നും എംഎ ബേബി ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക്ക് കുറുപ്പിന്റെ പൂര്‍ണ രൂപം

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം നമ്മുടെ ഭരണകൂടം നടത്തിയ കരുണയില്ലാത്ത കൊലപാതകമാണ്.

നരേന്ദ്ര മോദി സര്‍ക്കാരിനല്ലാതെ ഈ ഭൂമിയില്‍ ആര്‍ക്കാണ് ഇത്തരം ഒരു വൃദ്ധസന്യാസിയെ തടവിലിട്ട് കൊല്ലാനാവുക? ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കടുത്ത രോഗാവസ്ഥയെക്കുറിച്ച് ഈ സര്‍ക്കാരിന് അറിയാഞ്ഞിട്ടല്ല, അദ്ദേഹം മരിച്ചു പോകുമെന്ന് ആരും പറയാഞ്ഞിട്ടല്ല, ചാവട്ടെ എന്ന് പുച്ഛത്തോടെ തീരുമാനിച്ചതുകൊണ്ടാണ് ജാമ്യം കിട്ടാത്ത വിധം എണ്‍പത്തിനാലു വയസ്സുകാരനായ ഈ ഈശോസഭ പുരോഹിതനെ യു എപിഎ ചുമത്തി തടവിലിട്ടത്.

ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ആദിവാസികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ ഈ കത്തോലിക്കാ പുരോഹിതന്‍ ഇന്ന് അല്പനേരം മുമ്പാണ് ബോബെയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ തടവിലിരിക്കെ അന്തരിച്ചത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കവെ, അദ്ദേഹത്തിന്റെ അഭിഭാഷകനാണ് അദ്ദേഹം അന്തരിച്ച വിവരം കോടതിയില്‍ അറിയിച്ചത്.

തീവ്രവാദി എന്ന് ആരോപിച്ച് ജയിലില്‍ ഇട്ടിരിക്കുന്ന മിക്ക ആദിവാസികളും അത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്തവരാണെന്നു സ്ഥാപിക്കുന്ന ഒരു പഠന റിപോര്‍ട്ട് അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപോര്‍ട്ടില്‍ പറയുന്ന അയ്യായിരത്തോളം ഗോത്രസമുദായാംഗങ്ങള്‍ക്കായി നിയമസഹായം എത്തിക്കാനുള്ള ശ്രമവും നടത്തി. ഇതാണ് ഖനി ഉടമകളുടെ താല്പര്യത്തിനായി നില്ക്കുന്ന സര്‍ക്കാരിന് സ്വാമി കണ്ണിലെ കരടായിത്തീരാന്‍ കാരണം. ഗോത്രജനതയെക്കുറിച്ചു പഠനം നടത്തുകയോ അവര്‍ക്ക് ഭരണഘടന ഉറപ്പു നല്കുന്ന നിയമസഹായം എത്തിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നതു തീവ്രവാദം ആണെന്നാണ് ഇന്നത്തെ ഇന്ത്യയിലെ സര്‍ക്കാര്‍ കരുതുന്നത്.

മഹാരാഷ്ട്രയിലെ ഭീമകൊറഗാവ് സംഭവവുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹത്തെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത്. റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന് ഭീമ കൊറഗാവുമായി ഒരു ബന്ധവുമില്ലെന്നും ആ സ്ഥലത്തു പോയിട്ടുപോലും ഇല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞതുമാണ്. പക്ഷേ, എന്നിട്ടും കൊവിഡ് കാലത്ത് ഈ വന്ദ്യ വയോധികനായ പുരോഹിതനെ അറസ്റ്റ് ചെയ്തു ബോംബെയ്ക്കു കൊണ്ടു പോയി. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അടക്കമുള്ളവരുടെ എതിര്‍പ്പിനെ വകവയ്ക്കാതെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഈ പുരോഹിതനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ മാറി പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ ഇവര്‍ക്ക് ജാമ്യം കിട്ടുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ കേസ് എന്‍ഐഎ ഏറ്റെടുത്തു.

ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ യുഎപിഎ പോലുള്ള ഒരു നിയമം ഇന്നത്തെ രൂപത്തില്‍ ഉണ്ടാവാന്‍ പാടില്ല എന്നാണ് സിപിഎമ്മിന്റെ സുചിന്തിതമായ അഭിപ്രായം. കോളനിയിലെ അടിമകളുടെ മനുഷ്യാവകാശങ്ങള്‍ നിരാകരിക്കാന്‍ ബ്രിട്ടീഷുകാരുണ്ടാക്കിയ കരിനിയമങ്ങളുടെ തുടര്‍ച്ചയാണ് ഈ നിയമവും. ഇന്ത്യയില്‍ എല്ലാക്കാലത്തും ഇത്തരം നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമങ്ങമുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്തുണ്ടായിരുന്ന നിയമത്തിന്റെ പേര് മിസ എന്നായിരുന്നു. മെയിന്റെനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട് എന്നായിരുന്നു പേരെങ്കിലും മോസ്റ്റ് ഇന്‍ഹ്യൂമന്‍ ആന്‍ഡ് സാവേജ് ആക്ട് എന്നാണ് ചിന്തകന്‍ കൂടിയായിരുന്ന കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണ്‍ ഈ നിയമത്തെ വിളിച്ചത്. അതുപോലെ യുഎപിഎയ്ക്ക് അണ്‍ലാഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് എന്നാണ് വിശദീകരണമെങ്കിലും അട്ടര്‍ലി അഥോറിറ്റേറിയന്‍ ആന്‍ഡ് പെര്‍ണീഷ്യസ് ആക്ട് എന്ന് വിളിക്കണം എന്നാണ് എന്റെ അഭിപ്രായം.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് ബന്ധം തുടങ്ങിയവ ആരോപിച്ച് ജാമ്യമില്ലാതെ തടവില്‍ വച്ചു പീഢിപ്പിക്കപ്പെടുന്ന ആക്ടിവിസ്റ്റുകള്‍ക്ക് ജാമ്യം നല്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാവണം. പ്രശസ്തചിന്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെല്‍ത്തുംമ്‌ദേയെപ്പോലെ എത്ര പ്രമുഖ വ്യക്തിത്ത്വങ്ങളാണ്, ഭരണഘടനാമൂല്യങ്ങളോട് പ്രതിബദ്ധതയുണ്ട് എന്ന ഓരേയൊരു 'കുറ്റ'ത്തിന്റെ പേരില്‍ ജാമ്യമില്ലാത്ത വകുപ്പുകളില്‍ കുടുങ്ങി കാരാഗൃഹങ്ങളില്‍ നരകയാതന അനുഭവിക്കുന്നത്. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഈ ഭീകരാവസ്ഥ സൃഷ്ടിച്ചത് എങ്കില്‍ പ്രധാനമന്ത്രി മോഡി അപ്രഖ്യാപിത അടിയന്തിരാവസ്ഥക്കു കീഴിലാണ് കൂടുതല്‍ ഭീകരമായ അടിച്ചമര്‍ത്തലും മനുഷ്യാവകാശ ധ്വംസനവും വ്യാപകമാക്കുന്നത്. തടവറയ്ക്കുള്ളില്‍ നരകിക്കുന്ന ഈ പൊതുപ്രവര്‍ത്തകരുടെ മോചനത്തിനായി ഒരു പൗരാവകാശ പ്രസ്ഥാനം ഇന്ത്യയാകെ ഉയര്‍ന്നു വരേണ്ടത് അടിയന്തിരാവശ്യമാണ്.

Tags:    

Similar News