കേരളത്തില്‍ പ്രതിപക്ഷവിരുദ്ധ തരംഗമെന്ന് എം എ ബേബി

Update: 2021-04-01 07:52 GMT

വേങ്ങര: ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 14 ജില്ലകളിലും പ്രതിപക്ഷ വിരുദ്ധതരംഗമാണുള്ളതെന്ന് സിപിഐ എം പൊളിറ്റു ബ്യൂറോ അംഗം എം എ ബേബി. എല്‍ഡിഎഫ് വേങ്ങര മണ്ഡലം സ്ഥാനാര്‍ത്ഥി പി ജിജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി വേങ്ങര ടൗണില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന എല്ലാ നല്ല കാര്യങ്ങളേയും കോടതി കയറിയും ദുഷ്പ്രചരണങ്ങള്‍ നടത്തിയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തെ ഈ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ശിക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി വന്നപ്പോള്‍ ജനങ്ങളെ യോജിപ്പിച്ച് ആത്മവിശ്വാസം പകര്‍ന്നത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്.

മുസ്‌ലിം ലീഗ് നന്നാകണമെങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹത്തെ തിരുത്തേണ്ടതുണ്ട്. മുമ്പ് ഡോ. കെ ടി ജലീലിനോട് തോറ്റ കുഞ്ഞാലിക്കുട്ടിയെ തിരുത്തുന്നതിന്ന് വേങ്ങരയിലെ ജനങ്ങള്‍ തയ്യാറായിട്ടുണ്ടെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ കുഞ്ഞിമുഹമ്മദ് കുറ്റൂര്‍ അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി പി ജിജി, വി ടി സോഫിയ, യു ബാലകൃഷ്ണന്‍, പ്രകാശ് കുണ്ടൂര്‍, എം മുഹമ്മദ്, പി പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News