മധു വധക്കേസ്:21ാം സാക്ഷിയും കൂറുമാറി;വിചാരണ വേഗത്തിലാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ 21ാം സാക്ഷിയും കൂറുമാറി.21ാം സാക്ഷിയായ വീരനാണ് കൂറുമാറിയത്.ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 11 ആയി.
കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതില്‍ 10 മുതല്‍ 17 വരെയുള്ള സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ഇന്ന് 21, 22 സാക്ഷികളെയാണ് വിസ്തരിക്കുന്നത്.കേസില്‍ പതിനാറ് പ്രതികള്‍ക്കും ജാമ്യം കിട്ടിയതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിസ്താരങ്ങള്‍ക്കിടെ 20ാം സാക്ഷി മരുതന്‍,19ാം സാക്ഷി കക്കി,17ാം സാക്ഷി ജോളി, 18ാം സാക്ഷി കാളി മൂപ്പന്‍ എന്നിവരും പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറിയിരുന്നു.കൂറുമാറിയ മുക്കാലി ഫോറസ്റ്റ് സെക്ഷന്‍ ഓഫിസിലെ അബ്ദുല്‍ റസ്സാഖിനെയും വനം വകുപ്പ് വാച്ചര്‍ അനില്‍കുമാറിനെയും പിരിച്ചുവിട്ടിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റങ്ങള്‍ക്ക് ഇടയാക്കുന്നതെന്നാണ് മധുവിന്റെ കുടുംബം ആരോപിക്കുന്നത്.
അതേസമയം കേസില്‍ ഒരു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഇന്ന് ഹൈക്കോടതി വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കി. ഇതോടെ ഓരോ ദിവസവും അഞ്ച് വീതം സാക്ഷികളെ വിസ്തരിക്കും.