കുടിയേറ്റത്തൊഴിലാളികളുടെ പലായനം: കേന്ദ്രത്തില്‍ നിന്ന് റിപോര്‍ട്ട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി

Update: 2020-05-16 17:12 GMT

ചെന്നെ: കുടിയേറ്റത്തൊഴിലാളികളുടെ ദുരന്തത്തില്‍ കണ്ണീര്‍ പൊഴിച്ച് മദ്രാസ് ഹൈക്കോടതി. കുടിയേറ്റത്തൊഴിലാളികളുടെ ഉത്തരവാദിത്തം അവരുടെ സ്വന്തം സംസ്ഥാനത്തിനു മാത്രമല്ലെന്നും അവര്‍ കുടിയേറിയ സംസ്ഥാനത്തിനും അതില്‍ ഉത്തരവാദിത്തമുണ്ടെന്നും മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പക്ഷേ, സംസ്ഥാനങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തം നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

കഴിഞ്ഞ ഒരു മാസമായി നമ്മുടെ രാജ്യത്തെ കുടിയേറ്റത്തൊഴിലാളികള്‍ അനുഭവിക്കുന്ന യാതനകള്‍ മാധ്യമങ്ങള്‍ വഴി അറിയുന്ന ആര്‍ക്കും കണ്ണീര്‍പൊഴിക്കാതിരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്‌നം ഗൗരവമായി എടുക്കുന്നില്ലെന്ന ഹരജി പരിഗണിക്കുന്നതിനിടയിലാണ് വികാരവായ്‌പോടെ കോടതി പ്രതികരിച്ചത്. ജസ്റ്റിസ് കെ കൃപാകരന്‍, ജസ്റ്റിസ് ഹേമലത എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്. വരുന്ന മെയ് 22 നുള്ളില്‍ കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്‌നത്തില്‍ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും എടുത്ത നടപടികള്‍ വിശദീകരിക്കാനും റിപോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

സര്‍ക്കാര്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷയും സൗഖ്യവും ഉറപ്പാക്കണം. കുടിയേറ്റത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും അവഗണിക്കപ്പെടരുത്. പക്ഷേ, അത് സംഭവിച്ചുവെന്നാണ് മാധ്യമങ്ങള്‍ വഴി മനസ്സിലാവുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയില്‍ സന്‍ഗ്ലി ജില്ലയില്‍ പോലിസ് സൂപ്രണ്ട് തടവില്‍ വച്ച ഇളയരാജ എന്ന തൊഴിലാളി അടക്കം 400 പേരുടെ പേരില്‍ സമര്‍പ്പിക്കപ്പെട്ട ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ഉത്തരവ്.

''മിക്കവാറും തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ നഷ്ടപ്പെട്ടു. അവര്‍ക്ക് തലചായ്ക്കാന്‍ ഇടമില്ലാതായി. കാത്തിരുന്നിട്ട് കാര്യമില്ലെന്നായതോടെ അവര്‍ സ്വന്തം നാട്ടിലേക്ക് കുടുംബവും കുട്ടികളുമായി കാല്‍നടയായി തിരികെപ്പോവുകയായിരുന്നു. വഴിയിലെ നല്ല മനുഷ്യരാണ് അവര്‍ക്ക് ഭക്ഷണം നല്‍കിയത്. ഇത് അവര്‍ക്ക് മതിയാവാതിരുന്നതുകൊണ്ട് പട്ടിണി മരണങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടു''- 16 കുടിയേറ്റത്തൊഴിലാളികള്‍ ട്രയിന്‍ കയറി മരിച്ച സംഭവത്തെ കുറിച്ച് പരാമര്‍ശിക്കുന്നതിനിടയില്‍ കോടതി പറഞ്ഞു.

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഓരോ സംസ്ഥാനങ്ങളില്‍ നിന്നും പോയ കുടിയേറ്റത്തൊഴിലാളികളുടെ വിശദ വിവരങ്ങള്‍ മെയ് 22നു മുമ്പ് സമര്‍പ്പിക്കണമെന്ന് കോടതി കേന്ദ്രത്തോട് ഉത്തരവിട്ടിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ കുടിയേറ്റത്തൊഴിലാളികളുടെ പലായനത്തിന്റെ കാര്യത്തില്‍ തികച്ചും വ്യത്യസ്തമായ സമീപനമാണ് സുപ്രിം കോടതി കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചത്.

Tags:    

Similar News