യുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച് സുപ്രിം കോടതി

യുപിയിലെ മദ്രസ വിദ്യാഭ്യാസനയം നിയമവിരുദ്ധമല്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി

Update: 2024-11-05 08:41 GMT

ന്യൂഡല്‍ഹി: 2004-ലെ ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിംകോടതി. യുപിയിലെ മദ്രസ വിദ്യാഭ്യാസനയം നിയമവിരുദ്ധമല്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. മദ്രസ നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളെ ലംഘിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കുകയും ചെയ്തു.

എന്നാല്‍, മദ്രസകളില്‍ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ഉള്ള അവകാശം നിഷേധിക്കരുതെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. ഇതോടെ ഉത്തര്‍പ്രദേശിലെ 13,000 ത്തോളം മദ്രസകള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തത്തിക്കാന്‍ സാധിക്കും.അതേസമയം, 12-ാം ക്ലാസിന് ശേഷം മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളായ കാമില്‍, ഫാസില്‍ എന്നിവയ്ക്ക് ഉത്തര്‍പ്രദേശ് മദ്രസ ബോര്‍ഡിന് അംഗീകാരം നല്‍കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി വിധിച്ചു.

അടുത്തിടെ സംസ്ഥാന സര്‍ക്കാരുകള്‍ മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. അതേസമയം കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം കേരളത്തെ ബാധിക്കുന്ന ഒന്നായിരുന്നില്ല.

Tags:    

Similar News