ന്യൂഡല്‍ഹി: വാക്‌സിന്‍ വിതരണത്തില്‍ തങ്ങളോട് കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആരോപണം നിഷേധിച്ചു. എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെയാണ് പരിഗണിച്ചതെന്ന് മന്ത്രാലയം അവകാശപ്പെട്ടു.
കൊവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും 1.65 കോടി ഡോസുകള്‍ ആരോഗ്യപ്രവര്‍ത്തകരുടെ അനുപാതമനുസരിച്ച് വിവിധ സംസ്ഥാനങ്ങള്‍ക്കായി വിതരണ ചെയ്യുകയാണ് ചെയ്തതെന്ന് മന്ത്രാലയം അറിയിച്ചു.
അതുകൊണ്ട് വിവേചനമെന്ന ആരോപണം നിലനില്‍ക്കുന്നതേയില്ല- മന്ത്രാലയം ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തു.
ആദ്യ ഘട്ടമെന്ന നിലയിലാണ് വാക്‌സിന്‍ ഇപ്പോള്‍ വിതരണം ചെയ്തത്. അടുത്ത ഘട്ടം അധികം താമസിയാതെ വിതരണം ചെയ്യും, മിക്കവാറും അടുത്ത ആഴ്ചകളില്‍- മറ്റൊരു ട്വീറ്റില്‍ പറയുന്നു.
സംസ്ഥാനങ്ങളോട് ശരാശരി ഒരു സെഷനില്‍ 100 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുമില്ല- മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയ്ക്ക് ഇതുവരെ 9.83 ലക്ഷം വാക്‌സിനാണ് ലഭിച്ചത്. 17.5 ലക്ഷം ഡോസാണ് സംസ്ഥാനം ആദ്യ ഘട്ടത്തില്‍ ആവശ്യപ്പെട്ടത്. ഇതില്‍ 9.63 കോടി കൊവിഷീല്‍ഡ് വാക്‌സിനും 20,000 കൊവാക്‌സിനുമാണ്.
ആദ്യഘട്ടമെന്ന നിലയില്‍ 8 ലക്ഷം വാക്‌സിനേഷനാണ് നടത്താന്‍ ആലോചിക്കുന്നതെന്നും അതിനു വേണ്ടി 350 കേന്ദ്രങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.