ചികില്‍സക്കിടെ കൊവിഡ് രോഗിയായ വീട്ടമ്മ മരിച്ചു; മകന്‍ ഡോക്ടറെ കുത്തി വീഴ്ത്തി

രാവിലെ 7 മണിയോടെ ആല്‍ഫ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. 35 കാരനായ ഉദ്ഗീര്‍ നിവാസിയായ അക്രമിയുടെ പേര് പോലിസ് പുറത്തുവിട്ടിട്ടില്ല.

Update: 2020-07-30 03:58 GMT

മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂര്‍ നഗരത്തിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച കൊവിഡ് രോഗിയുടെ മകന്‍ ഡോക്ടറെ ആക്രമിച്ചതായി ആരോപണം. രാവിലെ 7 മണിയോടെ ആല്‍ഫ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. 35 കാരനായ ഉദ്ഗീര്‍ നിവാസിയായ അക്രമിയുടെ പേര് പോലിസ് പുറത്തുവിട്ടിട്ടില്ല. കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ഇയാളുടെ 60കാരിയായ മാതാവിനെ ജൂലൈ 25ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടര്‍ന്ന് ചികില്‍സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയാണ് വീട്ടമ്മ മരിച്ചത്. വീട്ടമ്മയുടെ ഗുരുതര നിലയെക്കുറിച്ച് നേരത്തെ ബന്ധുക്കളോട് വ്യക്തമാക്കിയിരുന്ന ഡോ. ഡോ. ദിനേശ് വര്‍മ്മ ആശുപത്രിയിലെത്തിയപ്പോള്‍ സ്ത്രീയുടെ മരണത്തെക്കുറിച്ച് മകനും മറ്റ് മൂന്ന് ബന്ധുക്കളും ഡോക്ടറുമായി രൂക്ഷമായ വാക്കേറ്റത്തിലേര്‍പ്പെടുകയും പെട്ടെന്ന് മകന്‍ മൂര്‍ച്ചയുള്ള ആയുധം എടുത്ത് വര്‍മ്മയെ നെഞ്ചിലും കഴുത്തിലും കൈയിലും കുത്തുകയുമായിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗുരുതര പരിക്കേറ്റ വര്‍മ്മ ആശുപത്രിയില്‍ ചികില്‍സയിലാണ്. അക്രമിയെ ഉടന്‍ അറസ്റ്റ് ചെയ്തതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രാദേശിക ബ്രാഞ്ച് സംഭവത്തെ അപലപിക്കുകയും ജില്ലയിലെ ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ (ഒപിഡി) ഒരു ദിവസം അടച്ചിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഡോക്ടര്‍മാര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു.


Tags:    

Similar News