ദീപം തെളിയിക്കാനുള്ള മോദിയുടെ ആഹ്വാനം കുട്ടിക്കളി; മോദിയെ വിമര്‍ശിച്ച് മഹാരാഷ്ട്ര മന്ത്രി

ജനങ്ങള്‍ക്ക് ഭക്ഷണവും താമസസൗകര്യവും മരുന്നും സാനിറ്റൈസറുകളും ടെസ്റ്റിങ് കിറ്റുകളും ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും മന്ത്രി കേന്ദ്രത്തെ ഓര്‍മിപ്പിച്ചു.

Update: 2020-04-04 07:15 GMT

മുംബൈ: കൊറോണ കാലത്ത് ജനങ്ങളില്‍ ഐക്യബോധം വളര്‍ത്താന്‍ വെളിച്ചം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തള്ളി മഹാരാഷ്ട്രയിലെ മന്ത്രി. മോദി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും താന്‍ മോദി ആഹ്വാനം ചെയ്തതുപോലെ വെളിച്ചം തെളിയിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര ഹൗസിങ് വിഭാഗം മന്ത്രി ജിതേന്ദ്ര അവ്ഹദ് ആണ് പ്രധാനമന്ത്രിക്കെതിരേ പരസ്യമായി രംഗത്തുവന്നത്.

കൊറോണ കാലത്ത് ജനങ്ങള്‍ അനുഭവിക്കുന്ന ദാരിദ്ര്യം, തൊഴില്‍പ്രശ്‌നം, പട്ടിണി, ചികില്‍സാരംഗം നേരിടുന്ന പ്രതിസന്ധി തുടങ്ങിയവയെകുറിച്ച് പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് ജനങ്ങള്‍ കരുതുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഇത്തരം നിര്‍ദേശങ്ങള്‍ നിരാശാജനകമാണെന്നും ഉദ്ദവ് മന്ത്രിസഭയിലെ എന്‍സിപി മന്ത്രിയായ ജിതേന്ദ്ര പറഞ്ഞു.

''ഇത് വിഡ്ഢിത്തമാണ്, കുട്ടിത്തമാണ്''- ഓരോന്നിനേയും ഇവന്റുകളാക്കി മാറ്റുന്നതിനെ ജിതേന്ദ്ര ചോദ്യം ചെയ്തു.

''ഞാന്‍ ജോലിചെയ്യുകയാണ്, ജനങ്ങളെ കാണുകയാണ്. അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് ഭക്ഷണം എത്തിക്കുകയാണ്. ഞാന്‍ എന്റെ വീട്ടിലെ എല്ലാ വിളക്കുകളും കത്തിച്ചുവയ്ക്കും. ഒരു മെഴുകുതിരിപോലും കത്തിക്കുകയുമില്ല-അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് ഭക്ഷണവും താമസസൗകര്യവും മരുന്നും സാനിറ്റൈസറുകളും ടെസ്റ്റിങ് കിറ്റുകളും ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കേന്ദ്രത്തെ ഓര്‍മിപ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെ 9 മണിക്ക് പുറത്തുവിട്ട വീഡിയോ സന്ദേശം വഴിയാണ് പ്രധാനമന്ത്രി ലൈറ്റുകള്‍ അണച്ച് മെഴുകുതിരിയും ദീപവും കത്തിക്കാന്‍ ആഹ്വാനം ചെയ്തത്.  

Tags:    

Similar News