റിപബ്ലിക് ദിനത്തില്‍ നടത്താനിരുന്ന സായുധാക്രമണ പദ്ധതി തകര്‍ത്തുവെന്ന് കശ്മീര്‍ പോലിസ്
ആഗസ്റ്റ് 5ന് അനുച്ഛേദം 370 റദ്ദാക്കിയതിനു ശേഷം കശ്മീരില്‍ കൊണ്ടുവന്ന പൊതുനിയന്ത്രണങ്ങള്‍ അയവുവരുത്തിയ സമയത്തു തന്നെയാണ് പാളിപ്പോയ ആക്രമണ പദ്ധതിയുടെ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.
ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ ജെയ്‌ഷെ മുഹമ്മദ് നടത്താനിരുന്ന സായുധാക്രമണ പദ്ധതി തകര്‍ത്തുവെന്ന് കശ്മീര്‍ പോലിസ്. ആസൂത്രകരെന്ന് കരുതപ്പെടുന്ന അഞ്ച് പേരെ അറസ്റ്റു ചെയ്തതോടെയാണ് ആക്രമണ പദ്ധതി പുറത്തായത്. അജാസ് അഹമ്മദ് ഷെയ്ക്, ഉമര്‍ ഹമീദ് ഷെയ്ക്, ഇംത്യാസ് അഹമ്മദ് ചിക്ലെ, ശഷി ഫറൂഖ് ഗോജ്രി, നസീര്‍ അഹ്മദ് മിര്‍ തുടങ്ങിയ ഹസ്രത്ബാല്‍ സ്വദേശികളാണ് അറസ്റ്റിലായത്. അഞ്ചു പേരുടെയും കൈയില്‍ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തു.
ചെറിയ ആയുധങ്ങള്‍, വാക്കി ടോക്കി, ബോംബ് പിടിപ്പിച്ച ജാക്കറ്റ്, ഡിറ്റൊനേറ്ററുകള്‍, ജലാറ്റിന്‍ സ്റ്റിക്കുകള്‍, നൈട്രിക് ആസിഡ് ബോട്ടിലുകള്‍ തുടങ്ങിയ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു. എല്ലാവരും ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരാണെന്ന് പോലിസ് പറയുന്നു.
അറസ്റ്റിലായവര്‍ അടുത്ത ദിവസങ്ങളില്‍ ഹസ്രത്ബാല്‍ മേഖലയിലുണ്ടായ രണ്ട് ഗ്രനേഡ് ആക്രമങ്ങളിലും പ്രതികളാണെന്ന് പോലിസ് പറഞ്ഞു.
ആഗസ്റ്റ് 5ന് അനുച്ഛേദം 370 റദ്ദാക്കിയതിനു ശേഷം കശ്മീരില്‍ കൊണ്ടുവന്ന പൊതുനിയന്ത്രണങ്ങള്‍ അയവുവരുത്തിയ സമയത്തു തന്നെയാണ് പാളിപ്പോയ ആക്രമണ പദ്ധതിയുടെ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.
അവാന്തിപൊരയില്‍ നിന്ന് ജഹാംഗീര്‍ പരേയെന്ന ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകനെ ഇന്നലെ കശ്മീര്‍ സേണ്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കശ്മീര്‍ ദോഡ ജില്ലയിലെ താന്‍ത്‌ന ഗ്രാമത്തില്‍ വച്ച് ജില്ലാ കമാന്ററായ ഒരു ഒരാളെ പോലിസ് വെടിവച്ചുകൊന്നിരുന്നു. കൊല്ലപ്പെട്ടയാള്‍ ഹരൂണ്‍ അബ്ബാസ് ആണെന്നും ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകനായ ഇയാള്‍ 2018ല്‍ ജമ്മു ബിജെപി നേതാവ് അനില്‍ പരിഹാറിനെയും സഹോദരനെയും കൊന്ന കേസില്‍ പ്രതിയാണെന്നും പിന്നീട് കണ്ടെത്തി.