റോഡില്‍ അപകട ഭീഷണിയായി ഗര്‍ത്തം രൂപപ്പെടുന്നു

Update: 2022-03-14 15:50 GMT

മാള: മാള ടൗണില്‍ നിന്നും ആലുവക്കും മറ്റും പോകുന്ന റോഡില്‍ അപകട ഭീഷണിയായി ഗര്‍ത്തം രൂപപ്പെടുന്നു. ഗ്രാമപഞ്ചായത്ത് ഓഫിസിനും പോലിസ് സ്‌റ്റേഷനും തൊട്ടടുത്തായാണ് ഗര്‍ത്തം രൂപപ്പെടുന്നത്. ബി എം ബി സി ടാറിംഗ് നടത്തിയിരുന്ന റോഡില്‍ ജലനിധിക്കായി തോട് പൊളിച്ച് പൈപ്പിട്ട ശേഷം യഥാവിധി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ ടാറിംഗ് നടത്തിയതിനാലാണ് ഈ ഭാഗത്ത് ഇടക്കിടെ റോഡ് പൊളിയുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

വീതി വളരെ കുറഞ്ഞ റോഡില്‍ ഈ ഗര്‍ത്തം കൂടിയായപ്പോള്‍ ഇടക്കിടെ ഇവിടെ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നുമുണ്ട്. 10 മീറ്ററോളം വരുന്ന ഭാഗത്ത് നാലാമത്തെ ഗര്‍ത്തമാണിപ്പോള്‍ രൂപപ്പെടുന്നത്. ഇതിനടുത്തായി നേരത്തെ പൈപ്പ് പൊട്ടി വെള്ളം പോയതിനെ തുടര്‍ന്ന് കുറേയേറെനാള്‍ വലിയ തോതിലുള്ള ബുദ്ധിമുട്ടാണ് ജനങ്ങള്‍ക്കുണ്ടായിരുന്നത്. പൈപ്പ് ശരിയാക്കി മണ്ണും മെറ്റലും കൂനകൂട്ടിയിട്ടതും ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ചിരുന്നു. ഈ ഭാഗം പൊളിച്ച് ശരിയായ രീതിയില്‍ പണിത് ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് അവസാനമുണ്ടാക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Similar News