ആര്യയ്ക്ക് മുറിവ് കഴുത്തിൽ, ദേവിക്ക് കൈകളിൽ, രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും അരികെ

Update: 2024-04-03 05:45 GMT

തിരുവനന്തപുരം: അരുണാചലിലെ ഹോട്ടലില്‍ മലയാളികളായ ദമ്പതിമാരെയും വനിതാ സുഹൃത്തിനെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. രണ്ടുപേരെ കൊന്നശേഷം ഒരാള്‍ ആത്മഹത്യ ചെയ്‌തെന്നാണ് പോലിസ് സംശയിക്കുന്നത്. എന്നാല്‍, മൂന്നുപേരുടെയും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടു പുറത്തുവന്നാലേ ഇക്കാര്യത്തില്‍ വ്യക്തതവരൂ.

ആര്യയുടെ മൃതദേഹം ഹോട്ടല്‍മുറിയിലെ കട്ടിലിനുമുകളിലായിരുന്നു. ഇതേ മുറിയില്‍ നിലത്താണ് ദേവി മരിച്ചുകിടന്നത്. ശുചിമുറിയിലാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നുപേരുടെയും കൈത്തണ്ട മുറിച്ചനിലയിലുമായിരുന്നു. എന്നാല്‍, രണ്ടു യുവതികളില്‍ ഒരാളുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍, ഇത് ദേവിയാണോ ആര്യയാണോ എന്ന് വ്യക്തമല്ല.

സംഭവം മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണോയെന്നയെന്ന സംശയം ആദ്യംമുതല്‍ക്കെ പോലിസിനുണ്ട്. മരിച്ചവര്‍ അവസാനമായി ഇന്റര്‍നെറ്റില്‍ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പുമെല്ലാം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇവര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതും ശരീരത്തിന് ചുറ്റും മുറിവേറ്റ പാടുകളും അന്ധവിശ്വാസത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആയുര്‍വേദ ഡോക്ടര്‍മാരായിരുന്ന നവീനും ദേവിയും ജോലിയുപേക്ഷിച്ചതും ഇത്തരം ആശയങ്ങളുടെ പിന്നാലെ പോയതിനാലാണെന്നാണ് കരുതുന്നത്. ഒന്നരവര്‍ഷമായി ആരോടും സംസാരിക്കാതെ നവീന്‍ മുറിയടച്ചിരിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ദേവിയുടെയും ആര്യയുടെയും ബന്ധുക്കളാണ് ഇതുസംബന്ധിച്ച സൂചനകള്‍ പോലിസിനു നല്‍കിയത്.

മരിച്ച ദേവിയും ആര്യയും തമ്മിലുള്ള പിരിയാനാകാത്ത സൗഹൃദമാണോ ഒരുമിച്ചുള്ള മരണത്തിനു പിന്നിലെന്നും പോലിസ് സംശയിക്കുന്നുണ്ട്. സ്വകാര്യ സ്‌കൂളില്‍ ഒരുമിച്ച് പഠിപ്പിച്ചിരുന്നപ്പോഴാണ് ദേവിയും ആര്യയും അടുത്ത സുഹൃത്തുക്കളായത്. ദേവി ജര്‍മനും ആര്യ ഫ്രഞ്ചുമാണ് പഠിപ്പിച്ചിരുന്നത്. വിദേശഭാഷകള്‍ പഠിപ്പിച്ചിരുന്ന ഇവര്‍ തമ്മിലായിരുന്നു സ്‌കൂളിലും അടുത്ത സൗഹൃദമുണ്ടായിരുന്നത്. ആര്യയെ കാണാനില്ലെന്ന വിവരം വീട്ടുകാര്‍ പരാതിപ്പെട്ടപ്പോഴാണ് സ്‌കൂള്‍ അധികൃതരും അറിഞ്ഞത്. ആര്യയുടെ വിവാഹം നിശ്ചയിച്ചതിനുപിന്നാലെയുള്ള കൂട്ടമരണത്തില്‍ ഇവര്‍ക്കു തമ്മില്‍ വേര്‍പിരിയാനുള്ള വിഷമമാണോയെന്നും പരിശോധിക്കുന്നുണ്ട്.

മാര്‍ച്ച് 27നാണ് നവീനും ദേവിയും വിനോദയാത്രയ്ക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് തിരുവനന്തപുരം വിമാനത്താവളം വഴി അരുണാചലിലേക്ക് പോയത്. വിനോദയാത്രയെന്ന് പറഞ്ഞതിനാല്‍ ബന്ധുക്കളും സംശയിച്ചില്ല. കൊല്‍ക്കത്ത, ഗുവാഹത്തി വഴിയാണ് അരുണാചലിലേക്ക് പോയതെന്നാണ് വിവരം. ഇവര്‍ പോയ കാര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കണ്ടെടുത്തിരുന്നു.

ആര്യ വീട്ടുകാരോട് പറയാതെയാണ് പോയത്. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ആര്യയുടെ പിതാവ് കെ അനില്‍കുമാര്‍ മകളെ കാണാനില്ലെന്ന് കാണിച്ച് 27ന് വട്ടിയൂര്‍ക്കാവ് പോലിസില്‍ പരാതി നല്‍കിയിരുന്നു. ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ദേവിയും നവീനുമാണ് ഒപ്പം പോയതെന്ന് പോലിസിന് മനസ്സിലാകുന്നത്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ ബന്ധുക്കളെ വിളിക്കാനുള്ള നമ്പര്‍ എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇറ്റാനഗര്‍ പോലിസ് ബന്ധപ്പെട്ടപ്പോഴാണ് ബന്ധുക്കള്‍ മരണവിവരം അറിയുന്നത്.

Tags:    

Similar News