മല്ലു ഹിന്ദു വാട്‌സ്ആപ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണനെ തിരിച്ചെടുത്ത നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി: കൃഷ്ണന്‍ എരഞ്ഞിക്കല്‍
തിരുവനന്തപുരം: സര്‍വീസിലിരിക്കെ മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ പോലിസ് റിപോര്‍ട്ട് അട്ടിമറിച്ച് കെ ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്ത ഇടതു സര്‍ക്കാര്‍ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. സംസ്ഥാന വ്യവസായ ഡയറക്ടര്‍ പദവിയിലിരിക്കെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ഗോപാലകൃഷ്ണനായിരുന്നു. സംഭവം വിവാദമായപ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്തു എന്നതുള്‍പ്പെടെ നട്ടാല്‍ കുരുക്കാത്ത നുണക്കഥയുണ്ടാക്കി പോലിസില്‍ പരാതി നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് പോലീസ് ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യം മറ്റൊരു ഫോണ്‍ നല്‍കുകയും പിന്നീട് വിവരങ്ങള്‍ മുഴുവനും ഫോര്‍മാറ്റ് ചെയ്ത ശേഷം യഥാര്‍ഥ ഫോണ്‍ നല്‍കുകയുമായിരുന്നു.
മതാടിസ്ഥാനത്തില്‍ ഗ്രൂപ് സൃഷ്ടിക്കുകയും കള്ളക്കഥകള്‍ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തത് തൊണ്ടിയോടെ പൊക്കിയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നു സസ്പെന്റ് ചെയ്തത്. കെ ഗോപാലകൃഷ്ണന്റെ പ്രവര്‍ത്തികളില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് സര്‍ക്കാരിനു കൈമാറിയ പോലീസ് അന്വേഷണ റിപോര്‍ട്ടില്‍ അക്കമിട്ട് പറയുന്നു. പിന്നെ എന്തടിസ്ഥാനത്തിലാണ് ഇടതു സര്‍ക്കാര്‍ വിഭാഗീയ ചിന്തകള്‍ പുലര്‍ത്തുന്ന ഒരാളെ പൊതുഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഉത്തരവാദപ്പെട്ട സ്ഥാനത്ത് പുനപ്രതിഷ്ട നടത്തിയതെന്നു വിശദമാക്കണം. ആഭ്യന്തരവും സിവില്‍ സര്‍വീസും വിഭാഗീയമായും വര്‍ഗീയമായും ചിന്തിക്കുന്നവരുടെ കൈകളിലായിരിക്കുന്നത് ആശങ്കാജനകമാണ്. ആര്‍ അജിത് കുമാര്‍, കെ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കുന്ന ഇടതു സര്‍ക്കാര്‍ സമീപനം സംഘപരിവാരത്തിന് കീഴ്പെട്ടതിന്റെ ഫലമാണെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ കുറ്റപ്പെടുത്തി.