ത്രിപുരയില്‍ തൃണമൂല്‍ നേതാക്കള്‍ക്കെതിരേയുള്ള ആക്രമണത്തിനു പിന്നില്‍ അമിത് ഷായെന്ന് മമത; മമതക്കെതിരേ ആഞ്ഞടിച്ച് ബിജെപി ബംഗാള്‍ മേധാവി
ന്യൂഡല്‍ഹി: ത്രിപുരയില്‍ തൃണമൂല്‍ ബംഗാള്‍ നേതാക്കള്‍ക്കെതിരേ ആക്രമണം ആസൂത്രണം ചെയ്തതിനു പിന്നില്‍ അമിത് ഷായെന്ന മമതാ ബാനര്‍ജിയുടെ ആരോപണത്തിനെതിരേ ബിജെപി ബംഗാള്‍ ഘടകം മേധാവി ദിലീപ് ഘോഷ്. ഇത്തരം നാടകങ്ങള്‍ കളിക്കുന്നത് മമതാ ബാനര്‍ജിയാണെന്നും ദിലീപ് ഘോഷ് ആരോപിച്ചു.
''അമിത് ഷാക്ക് ധാരാളം ജോലി ചെയ്തുതീര്‍ക്കാനുണ്ട്. തൃണമൂല്‍ നേതാക്കള്‍ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കുകയാണ്. അവര്‍ ബൈക്കുകള്‍ സ്വയം തല്ലിപ്പൊളിച്ചതാണ്. എന്നിട്ടവര്‍ ആരാണ് ആക്രമണം നടത്തിയ ഗുണ്ടകളെന്ന് ചോദിക്കും''- ദീലീപ് ഘോഷ് ആരോപിച്ചു.
''ഇത്തരം നാടകങ്ങള്‍ കളിച്ചുള്ള പരിചയം മമതാ ബാനര്‍ജിക്കാണ്. ചിലപ്പോള്‍ അവര്‍ ഡല്‍ഹിയിലേക്ക് പോകും, ചിലപ്പോള്‍ ലഖ്‌നോവിലേക്ക് പോകും. ത്രിപുരയില്‍ ചില കളികള്‍ കളിക്കും''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''മമതാ ബാനര്‍ജി പറയുന്നതെല്ലാം നാടകമാണ്. ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയേ ഇല്ല. അവിടെ അവര്‍ക്ക് എംഎല്‍എയോ എംപിയോ ഇല്ല. പഞ്ചായത്ത് കൗണ്‍സിലര്‍മാര്‍ പോലുമില്ല. പിന്നെ ആരാണ് അവരോട് ചോദിക്കുന്നത്? ആരെങ്കിലും അവരെ പിന്തുടര്‍ന്ന് കൊന്ന് കളയേണ്ട കാര്യമെന്താണ്?''- അദ്ദേഹം ചോദിച്ചു.
പശ്ചിമ ബംഗാളിലെ രണ്ട് തൃണമൂല്‍ നേതാക്കളായ സുദീപ് രഹ, ജയ ദത്ത തുടങ്ങി രണ്ട് പേര്‍ക്കെതിരേയാണ് ആക്രമണം നടന്നത്. അവര്‍ സഞ്ചരിച്ചിരുന്ന വാഹനം തല്ലിത്തകര്‍ത്തു. കല്ലും വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് നേതാക്കള്‍ മൊഴിനല്‍കി. ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്നാണ് തൃണമൂലിന്റെ വാദം.
രണ്ട് പേര്‍ക്കെതിരേ ആക്രമണം നടന്നതായി പോലിസും സ്ഥിരീകരിച്ചിട്ടുണ്ട്.