ഹിസാര്‍: ബിജെപി നേതാവും നടിയുമായ കൊല്ലപ്പെട്ട സൊനാലി ഫോഗട്ടിന്റെ ലാപ് ടോപ്പും മൊബൈല്‍ ഫോണും കവര്‍ന്ന മോഷ്ടാവ് പിടിയിലായി. ഹരിയാനയിലെ ഹിസാര്‍ പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫോഗട്ടിന്റെ ഫാം ഹൗസില്‍നിന്നാണ് ലാപ് ടോപ്പും മൊബൈല്‍ ഫോണും കളവുപോയത്. അറസ്റ്റിലായ ആളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളില്‍നിന്ന് ലാപ് ടോപ്പും മൊബൈല്‍ ഫോണും പോലിസ് കണ്ടെടുത്തു. അതേസമയം, കേസ് അന്വേഷിക്കാന്‍ ഗോവ പോലിസ് സംഘം ഹിസാര്‍ ജില്ലയിലെത്തി.
ആദ്യം സദര്‍ പോലിസ് സ്‌റ്റേഷനിലെത്തിയ സംഘം പിന്നീട് സൊനാലി ഫോഗട്ടിന്റെ ഫാം ഹൗസ് സന്ദര്‍ശിച്ച് കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിച്ചു. കൊലപാതകക്കേസിലെ മുഖ്യപ്രതിയായ ഫോഗട്ടിന്റെ സഹായി സുധീര്‍ സാംഗ്‌വാന്റെ ഉടമസ്ഥതയിലുള്ള ഗുരുഗ്രാമിലെ സ്ഥലവും ഗോവ പോലിസ് സന്ദര്‍ശിക്കും. കേസ് അന്വേഷണത്തില്‍ ഹരിയാന, ഗോവ സര്‍ക്കാരുകള്‍ ഉറപ്പുനല്‍കിയിട്ടും കേസ് സിബിഐക്ക് മാറ്റണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
കേസില്‍ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച അറസ്റ്റിലായ ഹരിയാന ബിജെപി നേതാവിന്റെ കൂട്ടാളികളായ സുധീര്‍ സാങ്‌വാന്‍, സുഖ്‌വീന്ദര്‍ സിങ് എന്നിവരെ 10 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. റെസ്‌റ്റോറന്റിലെ ജീവനക്കാര്‍, മിസ് ഫോഗട്ട് താമസിച്ചിരുന്ന റിസോര്‍ട്ട്, ആശുപത്രി അധികൃതര്‍, ഡ്രൈവര്‍ എന്നിവരുള്‍പ്പെടെ 25ലധികം പേരെ പോലിസ് ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്.