കോഴിക്കോട്: വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് അധ്യാപികയെ കൂടെ താമസിപ്പിച്ച് ലൈംഗികമായി ചൂഷണം ചെയ്ത യുവാവ് അറസ്റ്റിലായി. എരവന്നൂര്‍ സ്വദേശി രഞ്ജിത്താണ് അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശിനിയാണ് രഞ്ജിത്തിനെതിരെ പോലിസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞിരുന്ന തന്നെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് രഞ്ജിത്ത് ഒപ്പം താമസിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്നു.
ഇതിനിടെ രഞ്ജിത്തിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ഇയാളില്‍നിന്ന് അകന്നു.താനുമായി അകന്ന രഞ്ജിത്ത് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചതായും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.