ഭാര്യവീട്ടുകാർക്ക് മുന്നിൽ ആളാവാൻ മൊബൈൽ വേണം; 13 കാരനെ കൊന്ന് ഫോൺ തട്ടിയെടുത്ത യുവാവിന് ജീവപര്യന്തം
മഥുര: സ്മാര്‍ട്ട് ഫോണ്‍ കൈക്കലാക്കാന്‍ 13കാരനെ കൊലപ്പെടുത്തിയ കേസില്‍ യുപിയില്‍ യുവാവിന് ജീവപര്യന്തം തടവ്. ആഗ്ര സ്വദേശി പങ്കജ് ബാഗേലിനെയാണ് മഥുര കോടതി ശിക്ഷിച്ചത്. 2017ലാണ് സംഭവം. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമേ 21000 രൂപ പിഴയും യുവാവ് അടയ്ക്കണം.
നിതേഷ് എന്ന 13കാരനാണ് 2017 ഓഗസ്റ്റ് 5ന് അതിദാരുണമായി കൊല്ലപ്പെട്ടത്. ഉത്തര്‍ പ്രദേശിലെ കോസി കാലനിലെ ജിന്‍ഡാല്‍ കോളനി സ്വദേശിയാണ് കൊല്ലപ്പെട്ട 13കാരന്‍. നിതേഷിനെ കാണാനില്ലെന്ന് പിതാവ് ഗജോന്ദ്ര സിംഗാണ് പരാതി നല്‍കിയത്. പരാതി ലഭിച്ച് കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷമാണ് ഓഗസ്റ്റ് 13ന് അടച്ചിട്ട ഒരു വെയര്‍ ഹൌസില്‍ നിന്ന് പോലിസ് നിതേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
നിതേഷിന്റെ ഫോണ്‍ നഷ്ടമായിരുന്നു. ഈ ഫോണില്‍ പങ്കജ് ബാഗേല്‍ തന്റെ സിം കാര്‍ഡ് ഇട്ട് ഉപയോഗിച്ചതാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സംശയം തോന്നി കസ്റ്റഡിയിലെടുത്ത പങ്കജ് ബാഗേല്‍ 13കാരനെ കൊലപ്പെടുത്തിയ വിവരം പോലിസിനോട് വെളിപ്പെടുത്തുകയായിരുന്നു. അടുത്തിടെ വിവാഹിതനായ യുവാവ് ഭാര്യാ വീട്ടില്‍ പോകുമ്പോള്‍ സാമ്പത്തിക സ്ഥിതി മികച്ചതാണെന്ന് കാണിക്കാന്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തൊഴില്‍ രഹിതനായിരുന്നതുകൊണ്ട് ഇതിന് സാധിച്ചിരുന്നില്ല.
ഈ സമയത്താണ് നിതേഷിന്റെ സ്മാര്‍ട്ട്‌ഫോണ്‍ യുവാവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. 13കാരനോട് യുവാവ് ഫോണ്‍ ആവശ്യപ്പെട്ടു. നല്‍കാതെ വന്നതോടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് 13കാരനെ കുത്തിക്കൊന്നാണ് യുവാവ് ഫോണ്‍ സ്വന്തമാക്കിയത്.