മല്‍സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; അഞ്ചുപേരെ വിദേശ കപ്പല്‍ രക്ഷിച്ച് കൊച്ചിയിലെത്തിച്ചു

Update: 2022-06-29 17:49 GMT

കോഴിക്കോട്: മല്‍സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മല്‍സ്യത്തൊഴിലാളിയെ കാണാതായി. അഞ്ചുപേരെ വിദേശ കപ്പല്‍ രക്ഷിച്ച് കൊച്ചിയിലെത്തിച്ചു. ജൂലൈ 26ന് ഉച്ചയ്ക്ക് 12 മണിയോടെ ബേപ്പൂര്‍ ചാലിയം ഹാര്‍ബറില്‍ നിന്ന് ആറ് മല്‍സ്യത്തൊഴിലാളികളുമായി മല്‍സ്യബന്ധനത്തിന് പുറപ്പെട്ട ബേപ്പൂര്‍ ചാലിയം സ്വദേശി ഷഫീറിന്റെ ഉടമസ്ഥതയിലുള്ള സഫത്ത് വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

28ന് വൈകീട്ട് നാല് മണിയോടെ ചാലിയം ഹാര്‍ബറിനു പടിഞ്ഞാറ് 20 നോട്ടിക്കല്‍ മൈല്‍ അകലെ മല്‍സ്യബന്ധനം നടത്തിവരവെയാണ് ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞത്. ചാലിയം സ്വദേശി ഹുസൈന്റെ മകന്‍ കുഞ്ഞാപ്പു (23) വിനെയാണ് കാണാതായത്. ഏകദേശം 40 നോട്ടിക്കല്‍ അകലെ വരെ നീന്തിക്കൊണ്ടിരുന്ന രണ്ട് മലയാളികളും മൂന്ന് പഞ്ചിമബംഗാള്‍ സ്വദേശികളും ഉള്‍പ്പെടെ ബാക്കി അഞ്ചുപേരെയും ഇന്ന് അതുവഴി വന്ന വിദേശ കപ്പലില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അഞ്ചുപേരെയും നെടുമ്പാശ്ശേരി കാലടി ഗ്രൗണ്ടിലിറക്കിയ ശേഷം എറണാകുളം ഗവ. ആശുപത്രിയിലേക്ക് ചികില്‍സയ്ക്കായി മാറ്റി. അഞ്ചുപേര്‍ക്കും ചെറിയ പരിക്കുകളുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

Tags:    

Similar News