തൊടുപുഴ സ്വദേശിയെ ബസിലിട്ട് മർദ്ദിച്ച് റോഡിൽ തള്ളിയെന്ന് കുടുംബം; പരിക്കേറ്റ കാൽ മുറിച്ചുമാറ്റി

Update: 2024-07-19 05:53 GMT

കോട്ടയം: ഹൈദരാബാദില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയില്‍ തൊടുപുഴ സ്വദേശിയെ ബസിലിട്ട് മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ചെന്ന് പരാതി. വെല്‍ഡിങ്ങ് ജോലിക്കാരനായ ആന്റണിക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ആന്റണിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരാണ് മര്‍ദ്ദിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല

മകള്‍ക്ക് ഡെങ്കിപ്പനിയാണെന്ന് അറിഞ്ഞതോടെയാണ് ആന്റണി വേഗത്തില്‍ നാട്ടിലക്ക് വരാന്‍ ബസ് കയറിയത്. എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതിരുന്നതോടെയാണ് ബന്ധുക്കള്‍ കരിമണ്ണൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലിസ് നടത്തിയ അന്വേഷണത്തിലാണ് ആന്റണി സേലത്തെ ആശുപത്രിയില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. അങ്ങനെയാണ് മര്‍ദ്ദനമേറ്റ വിവരവും അറിയുന്നത്. പോലിസ് എത്തുമ്പോള്‍ ആന്റണിയുടെ രണ്ട് കാലും ഒടിഞ്ഞ നിലയിലായിരുന്നു. കൈയ്യില്‍ ആഴത്തില്‍ മുറിവുകളുണ്ടായിരുന്നു. ഒടുവില്‍ ബന്ധുക്കള്‍ എത്തി ആന്റണിയെ നാട്ടിലെത്തിച്ചു.

നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രയില്‍ ആണ് ആന്റണി. അണുബാധ കൂടിയതോടെ ആന്റണിയുടെ ഒരു കാല് മുറിച്ച് മാറ്റി. സംസാരിക്കാന്‍ പോലും പറ്റുന്ന സ്ഥിതി അല്ല. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്നതിലും വ്യക്തതയില്ല. ബസിലുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഇത്രയും മര്‍ദ്ദിക്കുമോ എന്നാണ് പോലിസിന്റെ സംശയം. ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മറ്റേതെങ്കിലും വാഹനങ്ങള്‍ ഇടിച്ചതാകാന്‍ സാധ്യതയുണ്ടെന്നാണ് പോലിസ് കണക്ക് കൂട്ടല്‍. സംഭവത്തില്‍ കരിമണ്ണൂര്‍ പോലിസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Tags:    

Similar News