മംഗളൂരുവില്‍ മലയാളികളെ കൊന്ന് കാസര്‍കോട്ട് കുഴിച്ചിട്ടെന്ന കേസിലെ പ്രതികള്‍ കുറ്റക്കാര്‍

മംഗളൂരു: രണ്ട് മലയാളികളെ മംഗളൂരുവിലെ വാടകവീട്ടില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാസര്‍കോട് കുണ്ടംകുഴി മരുതടുക്കത്ത് കുഴിച്ചിട്ട കേസിലെ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കോഴിക്കോട് സ്വദേശി ടി പി ഫാഹിം (25), തലശ്ശേരി സ്വദേശി നഫീര്‍ അഹമ്മദ് ജാന്‍ (25) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് ചെര്‍ക്കളയിലെ മുഹമ്മദ് മുനവര്‍ സനാഫ് (25), വിദ്യാനഗറിലെ മുഹമ്മദ് ഇര്‍ഷാദ് (24), മുഹമ്മദ് സഫ്‌വാന്‍(23) എന്നിവരെയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജി എച്ച് എസ് മല്ലികാര്‍ജുന്‍ സ്വാമി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 16ന് വിധിക്കും.
വിദേശത്തുനിന്ന് എത്തിച്ച സ്വര്‍ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കോടതി കണ്ടെത്തി. 2014 ജൂലായ് ഒന്നിന് മംഗളൂരു അത്താവറിലെ വാടകവീട്ടില്‍വെച്ചാണ് കൊലനടത്തിയത്. മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി കുണ്ടംകുഴി മരുതടുക്കത്തെ, പ്രതികള്‍ വിലക്ക് വാങ്ങിയ സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യുമ്പോള്‍ തന്നെ മൃതദേഹം കുഴിച്ചിടാനായി പ്രതികള്‍ കുഴി ഉണ്ടാക്കിവെച്ചിരുന്നു.